നിർമിതബുദ്ധി (AI) യുടെ മേഖലയിലേക്ക് തുടക്കത്തിൽതന്നെ ഇറങ്ങിച്ചെല്ലാൻ കൗമാരക്കാരോട് Google DeepMind സിഇഒ ഡെമിസ് ഹസാബിസ്. ‘ഇപ്പോൾ പഠിക്കുക, അല്ലെങ്കിൽ പിന്നോട്ട് പോകുക’ – ടെക് പോഡ്കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം നിർദേശിച്ചു. ജെമിനി ചാറ്റ്ബോട്ട് ഉൾപ്പെടെയുള്ള ഗൂഗിളിന്റെ AI മുന്നേറ്റങ്ങൾക്ക് പിന്നിലെ നൂതന ഗവേഷണ ലാബായ Google DeepMind-നെ നയിക്കുന്ന വ്യക്തിയാണ് ഹസാബിസ്.
കൗമാരക്കാരുടെ കാലഘട്ടത്തിലെ നിർണായക സാങ്കേതിക ശക്തിയാണ് AI എന്നാണ് അദ്ദേഹം പറയുന്നത്. ഇൻ്റർനെറ്റ് മില്ലേനിയൽസിനെ രൂപപ്പെടുത്തിയതുപോലെയും സ്‌മാർട്ട്ഫോണുകൾ ജെൻ സിയെ നിർവചിച്ചതുപോലെയും, ജനറേറ്റീവ് AI ആണ് ജെൻ ആൽഫയുടെ മുഖമുദ്ര. അടുത്ത 5 മുതൽ 10 വർഷത്തിനുള്ളിൽ ലോകത്ത് പല മാറ്റങ്ങളുമുണ്ടാകും. ചില ജോലികൾക്ക് തടസങ്ങളുണ്ടാകും എന്നാൽ പുതിയതും കൂടുതൽ രസകരവുമായ ജോലികൾ സൃഷ്ടിക്കപ്പെടും. AI ഉപകരണങ്ങളെയും ആശയങ്ങളെയും വേഗത്തിൽ പരിചയപ്പെടണം. AI ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ ഉപയോഗിക്കാം, അവ ഉപയോഗിച്ച് നിങ്ങൾക്ക് എന്തുചെയ്യാനാകും എന്നിവ മനസിലാക്കുന്നത് ഗുണംചെയ്യും.

സർവകലാശാല പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾ മാനസികാവസ്ഥ മാറ്റണം. പുതിയ സാങ്കേതികവിദ്യയിലേക്ക് തുടക്കത്തിൽതന്നെ ഇറങ്ങിച്ചെല്ലുക. പഠിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം. സാങ്കേതിക പരിജ്ഞാനം മാത്രം പോര. ദൃഢമായ ഒരു STEM (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ്) അടിത്തറവേണം. അതേസമയം സർഗാത്മകത, പൊരുത്തപ്പെടാനുള്ള കഴിവ്, പ്രതിരോധശേഷി തുടങ്ങിയ വിശാലമായ മെറ്റാ കഴിവുകളും ആർജിക്കേണ്ടതുണ്ട്. നിരന്തരമായ മാറ്റങ്ങളെ അതിജീവിക്കാനുള്ള മാനസികാവസ്ഥ വളർത്തേണ്ടതും അത്യാവശ്യമാണ്. AI യുടെ സാന്നിധ്യം ശക്തമാകുമ്പോൾ അതിനെ മനസിലാക്കാനും, ഉപയോഗിക്കാനും, അതിൽ പുതിയ കാര്യങ്ങൾ ചെയ്യാനും യുവജനങ്ങളെ സജ്ജരാക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന്.
AI നേരത്തെ സ്വീകരിക്കുന്നവർക്ക് യന്ത്രങ്ങളാൽ രൂപപ്പെടുന്ന ഒരു ലോകത്ത് മുൻതൂക്കം ലഭിക്കും. ജനറേറ്റീവ് AI മാറ്റത്തിൻ്റെ വേഗത വർധിപ്പിക്കുന്നതിനാൽ വിദ്യാർഥികൾ കൂടുതൽ ജിജ്ഞാസയുള്ളവർ ആകേണ്ടതുണ്ട്. ഒഴിവു സമയം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകൾ കണ്ടെത്താനും പാഠ്യപദ്ധതിക്ക് പുറത്തുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനും അദ്ദേഹം നിർദേശിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുക. എന്നാൽ ഒഴിവു സമയങ്ങളിൽ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിലൂടെ എന്തിനെയും നേരിടാൻ സജ്ജരായിരിക്കാനും അദ്ദേഹം ഉപദേശിച്ചു.
