നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിൻ്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ചുരുക്കം ദിവസങ്ങൾകൊണ്ട് പ്രചാരണം അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കത്തക്ക രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നിട്ടുള്ളത്. എൽഡിഎഫ് താഴേതലംവരെയുള്ള കമ്മറ്റികളുടെ പ്രവർത്തനം വളരെ സജീവമായി സംഘടിപ്പിക്കുന്നതിനുവേണ്ടി തീരുമാനിക്കുകയും പ്രവർത്തനം നടത്തുകയും ചെയ്‌തിട്ടുണ്ട്. നിലമ്പൂരിൽ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും’, എം.വി. ഗോവിന്ദൻ പറഞ്ഞു.

‘എൽഡിഎഫിന്റെ്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രൻ പിവി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എടുത്തത് എന്ന സത്യം ഇപ്പോൾ പ്രകടമായി പുറത്തുവന്നിരിക്കുകയാണ്. പി.വി. അൻവർ നാളെ ഒരുസമയത്ത് യുഡിഎഫിൻ്റെ പ്രധാന വക്താവായി മാറുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവർത്തനമാണ് അൻവർ ചെയ്‌തത്’, എം.വി. ഗോവിന്ദൻ ആരോപിച്ചു.
‘ഒറ്റുകൊടുക്കുന്ന യൂദാസിൻ്റെ മുഖമാണ് യഥാർഥത്തിൽ അൻവറിന്റേത്. അൻവറിന്റെ ഉള്ളിലെ കള്ളത്തരം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായി. തെറ്റായ ഈ സമീപനങ്ങളെയെല്ലാം എതിർത്തുകൊണ്ട് നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ കുതിപ്പ് നടത്തും. അൻവറിന്റെ പ്രവർത്തിക്ക് നിലമ്പൂരിലെ ജനങ്ങൾ ഈ ഉപതിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും’, എം.വി. ഗോവിന്ദൻ പറഞ്ഞു.
