അഴിയൂർമുതൽ വെങ്ങളംവരെയുള്ള 40.8 കിലോമീറ്റർ ആറുവരിപ്പാതയ്ക്ക് 1838.1 കോടിക്ക് കരാറെടുത്ത അദാനിയുടെ കമ്പനി 971 കോടിക്കാണ് മറ്റൊരുകമ്പനിക്ക് ഉപകരാർ നൽകിയതെന്ന് കോൺഗ്രസ്. ഏതാണ്ട് 900 കോടി രൂപയാണ് ഇതിലൂടെ അദാനിക്ക് ലഭിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും കെപിസിസി ജനറൽസെക്രട്ടറി പി.എം. നിയാസും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അദാനിക്ക് നോക്കുകൂലി ലഭിക്കാൻ വേണ്ടി മാത്രമുള്ള വികസനമായി ദേശീയപാതാവികസനം മാറി. വലിയകൊള്ളയാണ് നടന്നത്. അദാനി ഇത്രയേറെ ലാഭമെടുത്തതുകൊണ്ട് പ്രവൃത്തിയുടെ ഗുണമേന്മ കുറഞ്ഞെന്നും പ്രവീൺകുമാർ പറഞ്ഞു.

നിർമാണത്തിലെ അപാകവും കരാർനൽകിയതിലെ നിജസ്ഥിതിയും പുറത്തുകൊണ്ടുവരുന്നതിന് ജ്യൂഡീഷ്യൽ അന്വേഷണം നടത്തണം. ഈ ആവശ്യങ്ങളുന്നയിച്ച് 28-ന് രാവിലെ 10-ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിനുമുൻപിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കുത്തിയിരിപ്പുസമരം നടത്തുമെന്നും പ്രവീൺകുമാർ പറഞ്ഞു. മേയ് 31-ന് നടക്കാനിരുന്ന കോർപ്പറേഷനെതിരേയുള്ള കോൺഗ്രസിൻ്റെ ഉപരോധസമരത്തിൻ്റെ പ്രചാരണാർഥം കെപിസിസി ജനറൽസെക്രട്ടറി പി.എം. നിയാസിന്റെ നേതൃത്വത്തിൽ നേതാക്കളുടെ സംഘം വാർഡുകളിലെ യോഗങ്ങളിൽ പങ്കെടുക്കും.
പര്യടനപരിപാടിയുടെ ഉദ്ഘാടനം ഞായറാഴ്‌ച പുത്തൂർ യുപി സ്‌കൂളിൽ രാവിലെ 9.30-ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. സമാപനം 29-ന് അരക്കിണർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ എം.കെ. രാഘവൻ എംപി ഉദ്ഘാടനംചെയ്യും.
