ഇരുട്ടിലും കാണാൻ സഹായിക്കുന്ന ഇൻഫ്രാറെഡ് കോൺടാക്റ്റ് ലെൻസുകൾ വികസിപ്പിച്ചതായി ഗവേഷകർ. കണ്ണടച്ചാൽപോലും ഈ ലെൻസുകൾ കാഴ്ച സാധ്യമാക്കുമെന്നാണ് അവകാശവാദം. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് ലെൻസ് വികസിപ്പിച്ചത്.
ഈ ലെൻസുകൾക്ക് ഊർജസ്രോതസ് ആവശ്യമില്ലെന്നും സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു. പുതിയ കോൺടാക്റ്റ് ലെൻസിലെ നാനോപാർട്ടിക്കിളുകൾ ഇൻഫ്രാറെഡ് ലൈറ്റ് ആഗിരണം ചെയ്യുകയും അത് സസ്തനികളുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്ന തരംഗദൈർഘ്യങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. എലികളിലാണ് ഈ ലെൻസുകൾ ആദ്യം പരീക്ഷിച്ചത്. അതിനുശേഷമാണ് മനുഷ്യരിൽ ലെൻസുകൾ പരീക്ഷിച്ചത്.
ഇൻഫ്രാറെഡ് പ്രകാശം മനസിലാക്കാനും അതിന്റെ ദിശ തിരിച്ചറിയാനും പരീക്ഷണത്തിൻ്റെ ഭാഗമായവർക്ക് കഴിഞ്ഞു. അവർ കണ്ണടച്ചപ്പോൾ ഇൻഫ്രാറെഡ് കാഴ്‌ച വർധിച്ചുവെന്നും ഗവേഷകർ പറയുന്നു. ദൃശ്യപ്രകാശത്തേക്കാൾ ഫലപ്രദമായി നിയർ-ഇൻഫ്രാറെഡ് ലൈറ്റ് കൺപോളകളിലൂടെ കടന്നുപോകും എന്നതാണ് ഇതിന് കാരണം.

ധരിക്കാവുന്ന ഉപകരണങ്ങളിലൂടെ (werable device) ആളുകൾക്ക് സൂപ്പർ വിഷൻ നൽകാനുള്ള സാധ്യത തുറന്നു തരുന്നുതാണ് പഠനമെന്ന് ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോസയന്റിസ്റ്റ് ടിയാൻ സ്യൂ പറഞ്ഞു. ഈ കണ്ടുപിടുത്തം ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നുള്ള ഉപകരണം പോലെ തോന്നാമെങ്കിലും, യഥാർത്ഥ ലോകത്തിൽ ഇതിന് ഉപയോഗങ്ങളുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ഉദാഹരണത്തിന് മിന്നുന്ന ഇൻഫ്രാറെഡ് ലൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും, കള്ളപ്പണം, ലഹരിവസ്‌തുക്കൾ എന്നിവ തടയുന്ന സാഹചര്യങ്ങളിലും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കാം.
ഇൻഫ്രാറെഡ് വിവരങ്ങൾ എൻകോഡ് ചെയ്യാനും കൈമാറാനും, കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ (ഉദാഹരണത്തിന്, മൂടൽമഞ്ഞുള്ളതോ പൊടി നിറഞ്ഞതോ ആയ സാഹചര്യങ്ങൾ) കാഴ്‌ച മെച്ചപ്പെടുത്താനും, രക്ഷാപ്രവർത്തനങ്ങൾക്കും സഹായകമാകും. അടിയന്തര സാഹചര്യങ്ങൾക്കുമായി സ്‌മാർട്ട് ഉപകരണങ്ങളിൽ സംയോജിപ്പിക്കാനും ഉൾപ്പെടെ ഈ സാങ്കേതികവിദ്യക്ക് ധാരാളം പ്രായോഗിക ഉപയോഗങ്ങൾ ഉണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
