നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും ജയിക്കുമെന്ന് നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ. എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ആരായാലും അയാൾ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നും പിണറായിസത്തിനും മരുമോനിസത്തിനുമെതിരേയുള്ള പോരാട്ടമായിരിക്കുമെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും അൻവർ പറഞ്ഞു. കോടികളുടെ വികസനം എന്നൊക്കെ സർക്കാർ പറയുന്നു. നിലമ്പൂരിൽ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. കൃഷി തകരുന്നു. ജീവിതം ദുസ്സഹമാകുന്നു. ഇതെല്ലാം വലിയ വിഷയങ്ങളാണ്.

പ്രദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം കേരളം ചർച്ച ചെയ്യാൻ പോകുന്നത് കുടുംബാധിപത്യമാണ്, പിണറായിസമാണ്, മരുമോനിസമാണ്. ഒരു കുടുംബത്തിൻ്റെ കാൽചുവട്ടിൽ ഒരു പാർട്ടിയെ അടിച്ചിരുത്തിയിരിക്കുകയാണ്. ഇതെല്ലാം കേരളത്തിലെ തൊഴിലാളികളും പാവപ്പെട്ടവരും കണ്ടുകൊണ്ടിരിക്കുകയാണ്.
സ്ഥാനാർഥിയെ സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയ്ക്കും നിരുപാധിക പിന്തുണ നൽകും. ആരെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിന് തന്നോട് ചോദിക്കേണ്ട ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പോരാട്ടമല്ല. ജനങ്ങളും പിണറായിയും തമ്മിലുള്ള പോരാട്ടമാണ്. നിലമ്പൂരിലെ വോട്ടർമാർക്ക് ഈ തിരഞ്ഞെടുപ്പിൽ വലിയ ധാർമിക ഉത്തരവാദിത്തമുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അൻവർ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ ജനങ്ങളുമായി സോഷ്യൽ മീഡിയ റീലുകൾ കൊണ്ട് മാത്രം ഇടപെടുന്ന വ്യക്തിയാണ് റിയാസെന്നും അൻവർ പറഞ്ഞു.
‘ദേശീയ പാത തകർന്ന സംഭവം നോക്കൂ. പൊതുമരാമത്ത് മന്ത്രിയുടെ ധാർമിക ഉത്തരവാദിത്തമാണ് ഈ പ്രതിസന്ധിയെ നേരിടുക എന്നത്. മൂക്കാതെ പഴുത്ത വ്യക്തിയാണ്. ചവിട്ട് പഴുപ്പിച്ചതാണ് എന്ന് പറയേണ്ടി വരും’ – അൻവർ കൂട്ടിച്ചേർത്തു.
