കൂരിയാട് ഉൾപ്പെടെ ദേശീയപാത തകർന്ന മേഖലയിൽ പുനർനിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചപോലെ ഈ വർഷം പാത തുറന്നുകൊടുക്കാനാവില്ല. തെക്കൻ ജില്ലകളിലെ പല റീച്ചുകളിലും നിർമാണപുരോഗതി 65 ശതമാനത്തിനു താഴെയാണ്. 2027 മാർച്ചോടെ മാത്രമേ പലതും പൂർത്തിയാകൂ.

കൂരിയാട് ഉൾപ്പെട്ട രാമനാട്ടുകര-വളാഞ്ചേരി റീച്ച് ജൂണിൽ പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കാനിരിക്കേയാണ് ഇടിഞ്ഞുതാഴ്ന്നത്. തകർന്നറോഡ് നീക്കം ചെയ്യാൻതന്നെ ആറുമാസം വേണ്ടിവരും. തൂണുകൾ നിർമിച്ച് പാലം കെട്ടി ഗതാഗതയോഗ്യമാക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടിവരും.
നിർമാണത്തിലിരിക്കുന്ന പല റീച്ചുകളിലും തകർച്ചയുടെ പശ്ചാത്തലത്തിൽ മാറ്റം വേണ്ടിവരും. നിർമാണച്ചെലവ് കുറയ്ക്കാനുള്ള സമ്മർദം ദേശീയപാതാ വിഭാഗത്തിൽ നിന്നുണ്ടായതായി പറയപ്പെടുന്നു. ഇതിനാലാണ് ചെലവ് കൂടിയ വയഡക്ട് രീതി പലസ്ഥലത്തും ഒഴിവാക്കിയത്.
