അഡൾട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായ ഓൺലിഫാൻസ് വിൽപനയ്ക്ക്. 800 കോടി ഡോളറാണ് (68100 കോടി രൂപയിലേറെ) വിലയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ ഫോറസ്റ്റ് റോഡ് കോയുമായി ഓൺലിഫാൻസ് ഉടമ ലിയോനിഡ് റാഡ്‌വിൻസ്കി ചർച്ചയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. എന്തായാവും ഫോസ്റ്റ് റോഡ് ഒറ്റയ്ക്കായിരിക്കില്ല ഓൺലിഫാൻസിനെ വാങ്ങുക. വിൽപന എന്ന് പൂർത്തിയാകുമെന്നും വ്യക്തതയില്ല.
അതേസമയം, 800 കോടി ഡോളർ മൂല്യമുണ്ടായിട്ടും ഓൺലിഫാൻസിലെ അശ്ലീല ഉള്ളടക്കങ്ങളുടെ ആധിക്യം കാരണം പ്ലാറ്റ്ഫോം ആരും ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും, ഇതോ തുടർന്ന് 146 കോടി ഡോളർ മുതൽ 242 കോടി ഡോളർ വരെ വിലയ്ക്ക് പ്ലാറ്റ്ഫോം വിൽക്കാൻ റാഡ്‌വിൻസ്കി ശ്രമിക്കുന്നുണ്ടെന്ന ന്യൂയോർക്ക് പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു.
2016 ൽ ടിം സ്റ്റോക്കലിയാണ് ഓൺലി ഫാൻസ് ആരംഭിച്ചത്. കണ്ടന്റ് ക്രിയേറ്റർമാർക്ക്, പ്രത്യേകിച്ചും അഡൾട്ട് കണ്ടന്റ്റ് ക്രിയേറ്റർമാർക്ക് താരതമ്യേന സുരക്ഷിതമായ പ്ലാറ്റ്ഫോം ഒരുക്കുകയായിരുന്നു സ്‌റ്റോക്ക് ലിയുടെ ലക്ഷ്യം. മൈഫ്രീകാംസ് എന്ന പേരിൽ ഒരു ലൈവ് ക്യാം വെബ്സൈറ്റ് സ്വന്തമായുണ്ടായിരുന്ന റാഡ്‌വിൻസ്‌കി 2018 ലാണ് ഓൺലി ഫാൻസ് ഏറ്റെടുത്തത്.

അന്നുമുതൽ പുതുമയുള്ള വ്യവസായ രീതി കാരണം 2000 ശതമാനത്തിന്റെ ലാഭവളർച്ചയുണ്ടായിരുന്ന സ്ഥാപനമാണ് ഓൺലി ഫാൻസ്. കാരണം മറ്റ് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളെ പോലെ ഓൺലി ഫാൻസിൽ പരസ്യവിൽപന ഇല്ല. ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾ ഐഡി വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കിയാൽ മാത്രമേ അക്കൗണ്ട് തുടങ്ങാനാവൂ. ക്രിയേറ്റർമാരുടെ സുരക്ഷിതത്വത്തിന് സെർച്ച് സംവിധാനവും കമ്പനി സങ്കീർണമാക്കിയിട്ടുണ്ട്. പൂർണമായും സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയാണ് ഓൺലി ഫാൻസിൻ്റെ പ്രവർത്തനം. ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന എന്ത് ഉള്ളടക്കവും കാണണമെങ്കിൽ പണം നൽകി വരിക്കാരാവണം. ഈ ഫീസിൽ 20 ശതമാനം കമ്പനിക്കും 80 ശതമാനം ക്രിയേറ്റർമാർക്കുമാണ്.
2023 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 41.2 ലക്ഷം ക്രിയേറ്റർമാരും 30 കോടി രജിസ്റ്റർ ചെയ്‌ത ഉപഭോക്താക്കളുമുണ്ട്. 663 കോടി ഡോളറാണ് മൊത്തവരുമാനം. മുൻ വർഷത്തേതിനേക്കാൾ 19 ശതമാനം വളർച്ച.
2021 ൽ അശ്ലീല ഉള്ളടക്കങ്ങൾ നിരോധിക്കാൻ പോവുകയാണെന്ന ഓൺലിഫാൻസിൻ്റെ പ്രഖ്യാപനത്തിനെതിരെ ക്രിയേറ്റർമാരിൽ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഈ തീരുമാനം പിന്നീട് നടപ്പാക്കിയില്ല. അന്ന് മുതൽ അശ്ലീല ഉള്ളടക്കങ്ങളിൽ നിന്ന് മാറാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിൻ്റെ ഭാഗമായി അഡൾട്ട് ക്രിയേറ്റർമാർ അല്ലാത്തവരേയും ഓൺലി ഫാൻസിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഒഎഫ്‌ടിവി എന്ന പേരിൽ കാണികൾക്ക് സുരക്ഷിതമായ സൗജന്യ സ്ട്രീമിങ് സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
