ഇന്ത്യയുമായി സംഘർഷത്തിലേർപ്പെട്ട ശേഷം രാജ്യത്തിന്റെ ആണവശേഖരത്തിന് മേൽനോട്ടം വഹിക്കുന്ന ഉന്നത സൈനിക- സിവിലിയൻ സമിതിയുടെ യോഗം നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇത്തരത്തിലൊരു ഉന്നതതല യോഗം പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിളിച്ചതായി നേരത്തെ അവരുടെ സൈന്യം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പാക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
‘നിങ്ങൾ ഈ പറഞ്ഞ വിഷയം (ആണവ ഓപ്ഷൻ) നിലവിലുണ്ട്, പക്ഷേ, നമുക്കതിനെക്കുറിച്ച് സംസാരിക്കേണ്ട. വളരെ വിദൂരമായ ഒരു സാധ്യതയായി അതിനെ കണക്കാക്കണം, നിലവിലെ സാഹചര്യത്തിൽ നമ്മൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുകപോലും ചെയ്യരുത്.’ ആസിഫ് ഒരു പാക് ടെലിവിഷൻ ചാനലിനോട് പറഞ്ഞതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
‘ആ ഘട്ടത്തിലെത്തുന്നതിന് മുമ്പ് അന്തരീക്ഷം തണുക്കുമെന്ന് ഞാൻ കരുതുന്നു. നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഒരു യോഗവും നടന്നിട്ടില്ല, അത്തരമൊരു യോഗം ഷെഡ്യൂൾ ചെയ്തിട്ടുമില്ല.’ പാക് മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സംയുക്ത സേനാ മേധാവിയും സേനാ തലവൻമാരും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ 26 സ്ഥലങ്ങൾക്ക് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച പുലർച്ചെ പാകിസ്താനിലെ നാല് വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഉന്നതതല യോഗം ചേർന്നത്.