മെയ് എട്ടിന് രാത്രി പാകിസ്താൻ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 24 നഗരങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. വ്യാഴാഴ്‌ച രാത്രി എട്ടിനും 11.30-നും ഇടയിൽ 500-ഓളം ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 24 നഗരങ്ങളായിരുന്നു പാകിസ്താന്റെ ലക്ഷ്യം.
എന്നാൽ കരസേനയും വ്യോമസേനയും വിജയകരമായി ഈ 500 ഡ്രോണുകളെയും തകർത്തതായി സൈനിക വൃത്തങ്ങൾ വെള്ളിയാഴ്ച വ്യക്തമാക്കി. L70, ZU-23, ഷിക, ആകാശ് എന്നീ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സൈന്യം പാകിസ്‌താൻ ഡ്രോണുകളെ നിലംതൊടീക്കാതെ തകർത്തുകളഞ്ഞത്.
അതേസമയം, ഈ ഡ്രോണുകൾ ആയുധങ്ങൾ ഘടിപ്പിച്ചവയായിരുന്നില്ല എന്നും രാജ്യത്ത് ഭീതിപരത്തുക എന്നത് മാത്രമായിരുന്നിരിക്കാം പാകിസ്‌താൻ ലക്ഷ്യംവെച്ചതെന്നും സേനാവൃത്തങ്ങൾ സാധാരണക്കാരെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പംതന്നെ ഇന്ത്യയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക എന്നതുകൂടി പാക് സൈന്യം ഈ ഡ്രോണുകളിലൂടെ ലക്ഷ്യംവെച്ചിരിക്കാം എന്നും സൈനിക വൃത്തങ്ങൾ പറയുന്നു.