ഇന്ത്യ-പാക് സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരേസനാ മേധാവിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. 1948-ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിൻ്റെ ഉത്തരവ് മെയ് ആറിന് പുറത്തിറങ്ങി.
32 ബറ്റാലിയനുകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ നിന്ന് ആവശ്യമെങ്കിൽ എൻ്റോൾ ചെയ്തിട്ടുള്ള ഓഫീസർമാരെ വിനിയോഗിക്കാനാണ് അനുമതി. സതേൺ, ഇസ്റ്റേൺ, വെസ്റ്റേൺ, സെൻട്രൽ, നോർത്തേൺ, സൗത്ത് വെസ്റ്റേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ, ആർമി ട്രെയിനിങ് കമാൻഡ് എന്നിവിടങ്ങളിൽ നിന്നാകും ഉദ്യോഗസ്ഥരെ സേവനത്തിനായി വിളിക്കുക.
അതേസമയം ഇന്ന് (വെള്ളിയാഴ്ച) രാവിലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവികളുടെ ഉന്നതതലയോഗം ഡൽഹിയിൽ വിളിച്ചു ചേർത്തിരുന്നു. പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷാ സാഹചര്യവും സായുധസേനയുടെ ഒരുക്കങ്ങളെ കുറിച്ചും വിലയിരുത്താനായിരുന്നു യോഗം.
സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു.