Sunday, May 11, 2025

ഇന്ത്യയെ പിണക്കാൻ ചൈനയ്ക്ക് താത്പര്യവമില്ല: അകത്തും പുറത്തും ഒറ്റപ്പെട്ട് പാകിസ്താന്‍

TOP NEWSINDIAഇന്ത്യയെ പിണക്കാൻ ചൈനയ്ക്ക് താത്പര്യവമില്ല: അകത്തും പുറത്തും ഒറ്റപ്പെട്ട് പാകിസ്താന്‍

എപ്പോഴൊക്കെ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടി കിട്ടുമ്പോൾ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാകിസ്ത‌ാനുള്ളത്. കാർഗിൽ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാകിസ്‌താന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും ചിരകാല സുഹൃത്ത് ചൈനയുടെയും സഹായം കിട്ടിയിട്ടുണ്ട്. സംഘർഷം വളർന്നു വലുതാകുന്നതിന് മുമ്പ് ഇന്ത്യയെ കൊണ്ട് വെടിനിർത്തൽ കൊണ്ടുവരാൻ അന്താരാഷ്ട്ര സമ്മർദ്ദമാണ് പാകിസ്‌താൻ എന്നും പയറ്റിയിട്ടുള്ളത്. എന്നാൽ, പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ത‌ാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുകയും അതിന് പിന്നാലെ പാകിസ്‌താൻ പ്രകോപനം തുടങ്ങുകയും ചെയ്‌തിട്ടും മുമ്പുള്ളതുപോലെ സഹായങ്ങൾ ലഭിക്കുന്നില്ലെന്നത് പാകിസ്‌താനെ കുഴക്കുന്നുണ്ട്.

തിരിച്ചടി കിട്ടുമ്പോഴെല്ലാം അമേരിക്കയുടെ തോളിൽ കേറി ഇന്ത്യയെ കൊണ്ട് വെടിനിർത്തൽ നടപ്പാക്കി തടിരക്ഷിക്കുന്ന പാകിസ്‌താൻ്റെ ശ്രമങ്ങൾ ഇത്തവണ പരാജയപ്പെട്ടു. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്‌. സംഘർഷം ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും അഭ്യർഥിക്കാമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞത്.

ഇന്ത്യയോട് ആയുധം താഴെവെക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾക്കാകില്ല. അതുപോലെ പാകിസ്‌താനോടും- ഇതാണ് വാൻസിൻ്റെ വാക്കുകൾ. അതിനർഥം പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളും ചർച്ച നടത്തണമെന്നു തന്നെയാണ്. അതിന് പാകിസ്‌താൻ തയ്യാറാവണം. ആദ്യം അവർ ആക്രമണം നിർത്തണം. 1999-ലെ കാർഗിൽ യുദ്ധസമയത്ത് ഇന്ത്യയുടെ വലിയ സൈനിക നീക്കം യുഎസിന്റെ ചാര ഉപഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടി വർധിക്കുമെന്ന് കണ്ടതോടെ പാകിസ്‌താൻ അമേരിക്കൻ സഹായം തേടി. പിന്നാലെ കാർഗിലിലെ മലനിരകളിൽനിന്ന് സൈന്യത്തെ പാകിസ്‌താൻ പിൻവലിപ്പിച്ചപ്പോൾ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ഇടപെട്ടു.

1971-ൽ ഇന്ത്യ- പാക് യുദ്ധസമയത്ത് പാകിസ്‌താനെ സഹായിക്കാൻ തങ്ങളുടെ ഏഴാം കപ്പൽപടയെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ച രാജ്യമാണ് യുഎസ്. അന്ന് സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ സഹായിക്കാനെത്തിയത്. 2001-ലെ പാർലമെന്റ് ആക്രമണ സമയത്തും ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. അന്നും സംഘർഷമൊഴിവാക്കാൻ യുഎസ് ഇടപെട്ടു. ഇതിന് ശേഷം ബലാക്കോട്ട് ആക്രമണം വരെയുള്ള സമയത്ത് പാകിസ്‌താന്റെ രീതി വ്യക്തമാക്കി മനസിലാക്കിയാണ് ഇന്ത്യ ഇടപെടുന്നത്.

ഉറി, പുൽവാമ ഭീകരാക്രമണത്തോടെ അടിക്ക് തിരിച്ചടി എന്ന നയം ഇന്ത്യ സ്വീകരിച്ചു. സംഘർഷങ്ങളിൽ ആഗോള ഇടപെടലുകൾക്കായി കാത്തിരിക്കാൻ ഇന്ത്യ തയ്യാറായില്ല. അതിനൊപ്പം സ്വന്തം ശക്തി വർധിപ്പിക്കുകയും ചെയ്തു. ആഗോളതലത്തിൽ സ്വാധീനവും ഇടപെടലുകളും വർധിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ സ്വന്തം നടപടികൾ ആത്മവിശ്വാസത്തോടെ ന്യായമാണെന്ന് സ്ഥാപിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയെ ആക്രമണങ്ങളിലുടെ പ്രകോപിപ്പിക്കുകയും തിരിച്ചടിക്കാതിരിക്കാൻ ആണവാക്രമണ ഭീഷണി മുഴക്കുകയുമാണ് പാകിസ്‌താൻ ചെയ്യുക. ഇതോടെ പാശ്ചാത്യരാജ്യങ്ങൾ ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനായി ഇടപെടുന്ന സാഹചര്യമുണ്ടാകും. ഇതാണ് പാകിസ്താനും ആഗ്രഹിക്കുന്നത്. ഇത്തവണ അതൊന്നും ലക്ഷ്യം കണ്ടില്ല എന്നുവേണം കരുതാൻ. ചിരകാല സുഹൃത്തായ ചൈനപോലും സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുന്നില്ല എന്നുള്ളതാണ് പാകിസ്‌താനെ കുഴക്കുന്നത്.

സംഘർഷം തുടങ്ങിയ സമയത്ത് ഇരുരാജ്യങ്ങളും ഞങ്ങളുടെ അയൽക്കാരാണെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. സന്ദേശം വ്യക്തം, നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയെ യുഎസ് ചേരിയിലേക്ക് തള്ളിവിടാൻ ചൈന താത്പര്യപ്പെടുന്നില്ല. അതിനാൽ നിഷ്പക്ഷ നിലപാടാണ് ചൈന കൈക്കൊണ്ടത്. എങ്കിലും പാകിസ്‌താനുള്ള മാനസിക പിന്തുണ ആവർത്തിക്കുകയും ചെയ്‌തു. ഇന്ത്യയുമായി സംഘർഷം ഒഴിവാക്കാനുള്ള ചർച്ച നടത്തുമെന്ന് പറഞ്ഞുമില്ല.

ആണവായുധ ശേഷിയുള്ള രാജ്യമായിട്ടും ഇപ്പോൾ പാകിസ്‌താന്‌ രണ്ടേ രണ്ട് രാജ്യങ്ങൾ മാത്രമേ ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുള്ളു. തുർക്കി, അസർബൈജൻ. ഇതിൽ അസർബൈജാന് ഇന്ത്യയെ എതിർക്കാൻ കാരണങ്ങളുണ്ട്. അവരുടെ എതിരാളിയായ അർമേനിയയ്ക്ക് ആയുധങ്ങൾ നൽകുന്നത് ഇന്ത്യയാണ്. അതിന്റെ പേരിലാണ് അവർ പാകിസ്‌താനെ പിന്തുണയ്ക്കുന്നത്. എന്നാൽ സ്വന്തം തട്ടകത്തിൽ യുദ്ധം നടക്കുമ്പോൾ പാകിസ്‌താനെ സഹായിക്കാൻ അവർക്ക് താത്പര്യവുമില്ല. പിന്നെയുള്ളത് തുർക്കിയാണ്. പാകിസ്‌താനെ അവർ ആയുധമുൾപ്പെടെ നൽകി സഹായിക്കുന്നുണ്ട്. എന്നാൽ അതിനപ്പുറം കടന്ന് സംഘർഷം ഒഴിവാക്കാനുള്ള ഇടപെടൽ നടത്താനുള്ള ശ്രമം തുർക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. ഇന്ത്യയുമായി ഊഷ്‌മളമായ ബന്ധം തുർക്കിക്ക് വളർത്തിയെടുക്കാനാകാത്തതിനാൽ അക്കാര്യത്തിൽ പാകിസ്ത‌ാന് പ്രതീക്ഷയ്ക്കും വകയില്ല.

യുഎസുമായുള്ള വ്യാപാര തർക്കങ്ങളെ തുടർന്ന് ഇന്ത്യയെ പിണക്കാൻ ചൈനയ്ക്ക് താത്പര്യവുമില്ല. ചുരുക്കത്തിൽ പാകിസ്‌താൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുകഴിഞ്ഞു. വിഷയത്തിൽ മധ്യസ്ഥ ശ്രമത്തിന് പാകിസ്‌താന്റെ സുഹൃത്തുക്കളായ ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം ഉലയാതിരിക്കാനുള്ള മുൻകരുതലും അവരുടെ നീക്കങ്ങളിലുണ്ട്.

പുറത്തുനിന്ന് ഒറ്റപ്പെടുകയും സാമ്പത്തികമായി ദുർബലമാവുകയും ചെയ്തതിന് പിന്നലെ ആഭ്യന്തരമായി വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു എന്ന വിപത്തിലാണ് ഇപ്പോൾ പാകിസ്‌താൻ ചെന്നുപെട്ടിരിക്കുന്നത്. ചതുപ്പിൽ വീണ അവസ്ഥയാണിന്ന് പാകിസ്‌താന്. ഓരോ ചലനവും കൂടുതൽ ആഴത്തിലേക്ക് വലിച്ചിഴക്കപ്പെടും. ബലോചിസ്‌താനിൽ വിഘടനവാദം അതിന്റെ മൂർധന്യത്തിലാണ്. കിഴക്കൻ പ്രവിശ്യയായ ഖൈബർ പഖ്‌തൂൺഖ്വയിൽ പാക് താലിബാൻ സ്വാധീനമുറപ്പിക്കുന്നു. അമിതമായി സൈന്യത്തെയും വിദേശരാജ്യങ്ങളെയും ആശ്രയിച്ച് സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് പാകിസ്‌താൻ.

spot_img

Check out our other content

Check out other tags:

Most Popular Articles