Monday, May 12, 2025

ഭകൊച്ചിക്ക് മറ്റൊരു മറൈൻഡ്രൈവ് കൂടി: നഗര ഗതാഗതത്തിൽ പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനും തുടക്കം കുറിക്കാനൊരുങ്ങി കൊച്ചി മെട്രോ

TOP NEWSKERALAഭകൊച്ചിക്ക് മറ്റൊരു മറൈൻഡ്രൈവ് കൂടി: നഗര ഗതാഗതത്തിൽ പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനും തുടക്കം കുറിക്കാനൊരുങ്ങി കൊച്ചി മെട്രോ

നഗര ഗതാഗതത്തിൽ മറ്റൊരു പുതിയ മാതൃകക്കും ടൂറിസം വികസനത്തിനും തുടക്കം കുറിക്കാനൊരുങ്ങി കൊച്ചി മെട്രോ. പരിഷ്‌കരിച്ച കനാൽ നീവകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്ന‌ങ്ങളുടെ പരിഹാരത്തിനൊപ്പം നഗര ഗതാഗതത്തിൽ മറ്റൊരു പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനും തുടക്കം കുറിയ്ക്കുകയാണ് കൊച്ചി മെട്രോ. നവീകരിച്ച കനാലുകളിലൂടെ ജലഗതാഗതം, വാട്ടർ സ്പോർട്‌സ് എന്നിവക്കായാണ് മെട്രോ തയാറാകുന്നത്.

നഗരത്തിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവൽക്കരിക്കുന്നത്. പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാൽ എന്നിവയാണവ. എല്ലാ കനാലുകളും ആഴം കൂട്ടി ചുരുങ്ങിയത് 16.5 മീറ്റർ വീതി ഉറപ്പാക്കും. എല്ലാ കനാലുകളുടെയും ഇരുവശത്തും നടപ്പാതകൾ നിർമിച്ച് മനോഹരമാക്കും. ഇതിൽ ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിലാണ് ബോട്ട് സർവ്വീസ് ആരംഭിക്കുക. ഇടപ്പള്ളി കനാൽ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാർ മുതൽ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റർ ദൂരത്ത് അരമണിക്കൂർ ഇടവിട്ട് ബോട്ട് സർവ്വീസ് ആരംഭിക്കാനാകും. ഇതിനായി 3.5 മീറ്റർ ഉയരമുള്ള 10 ബോട്ടുകൾ വാങ്ങാനാണ് കൊച്ചി മെട്രോ ഉദ്ദേശിക്കുന്നത്. വൈറ്റില-തേവര റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസ് തുടങ്ങുമ്പോൾ ഗതാഗതയോഗ്യമായ ചിലവന്നൂർ കനാലിലൂടെ കടവന്ത്ര മെട്രോയുമായും ബന്ധിപ്പിക്കാനാകും. ഈ കനാൽ തീരത്ത് 2.5 ഏക്കർ സ്ഥലം ഇപ്പോൾ പുറമ്പോക്ക് ഉണ്ട്. ഇവിടം സൗന്ദര്യവൽക്കരിച്ച് വാട്ടർസ്പോട്‌സ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. കൊച്ചിക്ക് മറ്റൊരു മറൈൻഡ്രൈവ് കൂടിയാകും കിട്ടുക.

3716.10 കോടി രൂപയുടെ ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിക്ക് സംസ്ഥാന ഗവൺമെന്റ് ഭരണാനുമതി നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്നും പദ്ധതി പൂർത്തിയാകുന്നതോടെ കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാൽ തീരങ്ങളിൽ വാട്ടർ സ്പോർട്‌സ് ഉൾപ്പെടയുള്ളവ ഏർപ്പെടുത്തുന്നതിനും നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുമാണ് കളമൊരുങ്ങുന്നത്. ഇതിനൊപ്പം തന്നെ കൊച്ചിക്ക് പുതിയ ചില ടൂറിസം കേന്ദ്രങ്ങൾകൂടി പദ്ധതി പൂർത്തിയാകുന്നതോടെ ലഭിക്കുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബഹ്റ പറഞ്ഞു.

ചിലവന്നൂർ കനാൽ പരിസരത്ത് മനോഹരമായ നടപ്പാതകൾ പണിയും. വിനോദത്തിനുള്ള ഉപാധികളും ഏർപ്പെടുത്തും. ഇവിടെ താമസിക്കുന്നവർക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലോകനാഥ് ബെഹ്റ പറഞ്ഞു.

എല്ലാ കനാലിനും വീതി ചൂരുങ്ങിയത് 16.5 മീറ്ററും ആഴം ചുരുങ്ങിയത് 1.5 മീറ്ററും ആക്കും. നിലവിലെ പല കനാലുകൾക്കും നിശ്ചിത വീതി ഉണ്ട്. ആഴമാണ് കുറവ്. ആഴം ഡ്രഡ്‌ജ് ചെയ്‌തു കൂട്ടും. അതുപോലെ നിലവിലുള്ള പാലങ്ങളുടെ വീതിയും ഉയരവും കൂട്ടി പുതുക്കി പണിയും.

ചിലവന്നൂർ കനാലിനു സമീപം ബണ്ട് റോഡിൻ്റെ പുനർനിർമാണം അതിവേഗം പുരോഗമിക്കുകയാണ്. മഴക്കാലത്ത് നഗരത്തിലെ വെള്ളപ്പൊക്കെം മുലമുള്ള പ്രശ്ന‌ങ്ങൾ ലഘൂകരിക്കാനും ഇത് സഹായിക്കും. ബണ്ട് റോഡ് പാലവും ചിലവന്നൂർ കനാൽ നീവകരണവും പൂർത്തിയാകുന്നതോടെ ഈ മേഖലയുടെ ടൂറിസം സാധ്യതകൾ പതിന്മടങ്ങായി വർധിക്കുമെന്ന് ലോക്‌നാഥ് ബഹ്റ ചൂണ്ടിക്കാട്ടി. ഇവയ്ക്ക് പുറമെയാണ് പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നത്. എളംകുളം, വെണ്ണല, പേരണ്ടൂർ, മുട്ടാർ എന്നിവിടങ്ങളിലാണ് 1325 കോടി രൂപ മുടക്കി നാല് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles