ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് എഐ ചാറ്റ്ബോട്ടിന്റെ പ്രവചനം വിശ്വസിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകി യുവതി. ചാറ്റ് ബോട്ടിന്റെ വാക്കുകൾകേട്ട് ഗ്രീസിൽ നിന്നുള്ള യുവതിയാണ് 12 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കാപ്പി കുടിച്ചശേഷം കപ്പിൽ അവശേഷിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രാഫിയുടെ ആധുനിക പതിപ്പായി യുവതി ചാറ്റ് ജിപിറ്റിയെ സമീപിക്കുകയായിരുന്നുവെന്ന് ഗ്രീക്ക് സിറ്റി ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
12 വർഷത്തിലേറെയായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി തന്റേയും ഭർത്താവിൻ്റെയും കാപ്പി കപ്പുകളിലെ അവശേഷിക്കുന്ന അടയാളങ്ങളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും അവ വ്യാഖ്യാനിക്കാൻ ചാറ്റ്ജിപിറ്റിയോട് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇവരുടെ കുടുംബ തകർക്കുന്ന ഉത്തരമാണ് ചാറ്റ് ജിപിടി നൽകിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവർ നിങ്ങളുടെ കുടുംബം തകർക്കുമെന്നും ചാറ്റ് ജിപിടി യുവതിയോട് പറഞ്ഞു. കൂടാതെ ഭർത്താവിന് ബന്ധമുള്ള സ്ത്രീയുടെ പേര് തുടങ്ങുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ഇ’ എന്ന അക്ഷരത്തിലാണെന്നും ചാറ്റ് ബോട്ട് പ്രവചിച്ചു.
ഇക്കാര്യം ഭർത്താവിനോട് പങ്കുവെച്ച യുവതി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭർത്താവ് ഇത് ഗൗരവമായി എടുത്തിരുന്നില്ല. ഈ അസംബന്ധം കേട്ട് തനിക്ക് ചിരിയാണ് വന്നതെന്നും തമാശയായി മാത്രമാണ് ഇതിനെ കണ്ടതെന്നും ഭർത്താവ് പറയുന്നു. എന്നാൽ ഭാര്യ തന്നോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും തങ്ങൾ വിവാഹമോചിതരാകാൻ പോകുകയാണെന്ന് മക്കളോടും പറയുകയും ചെയ്തതോടെയാണ് താൻ ഇതിൻ്റെ ഗൗരവം മനസിലാക്കിയതെന്നും ഭർത്താവ് പറയുന്നു.
സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡുകളോടുള്ള ഭാര്യയുടെ ഭ്രമമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഭർത്താവ് പ്രാദേശിക ചാനലിനോട് പ്രതികരിച്ചു. ഒരു അഭിഭാഷകന്റെ ഫോൺകോൾ വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം തനിക്ക് മനസിലായതെന്നും വിവാഹമോചന നോട്ടീസ് ഔദ്യോഗികമായി നൽകിയെന്നും ഭർത്താവ് പറയുന്നു.
ഗ്രീസിലെ സോഷ്യൽ മീഡിയയിൽ ഈ വിവാഹ മോചന കേസ് ഒട്ടേറെ ചർച്ചകൾക്കാണ് വഴിവെച്ചത്. എഐ നിർമിതമായ ഒരു കാപ്പി കപ്പ് വായനയിലൂടെ വിവാഹേതര ബന്ധം കണ്ടെത്തി എന്ന് തെളിവായി സ്വീകരിക്കാനാകില്ലെന്ന് ഭർത്താവിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എഐ നിർമിതമായ ഇത്തരം അവകാശവാദങ്ങൾക്ക് കോടതിയിൽ നിലനിൽപ്പില്ലെന്ന് നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.