ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അതിർത്തി ഗ്രാമങ്ങളിൽ കുടങ്ങിയ മലയാളി വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയകരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ അഭ്യർഥന പ്രകാരം വിദ്യാർഥികളെ കേരളത്തിൽ എത്തിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പ്രത്യേകം ട്രെയിൻ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് അയച്ച കത്തും പ്രത്യേകമായി അനുവദിച്ച ട്രെയിനിൻ്റെ വിവരങ്ങളും സാമൂഹികമാധ്യമത്തിലൂടെ സുരേഷ്‌ഗോപി പങ്കുവെച്ചിട്ടുണ്ട്.
‘ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ഛണ്ഡീഗഡിൽ എന്നിവിടങ്ങളിൽനിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്സിറ്റികളിൽനിന്നുള്ള മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എൻ്റെ ഓഫീസുമായി ബന്ധപ്പെടുകയും, സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം എന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാൻ കത്ത് നൽകിയിരുന്നു. അതിന് പരിഹാരമായി ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താൻ വേണ്ടി 24 കോച്ചുള്ള പ്രത്യേക ട്രെയിൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി റെയിൽവേ മന്ത്രാലയം’ – എന്നാണ് സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഡൽഹിയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് റിസർവ്‌ഡ് സ്പെഷ്യൽ എക്‌സ്പ്രസ് ട്രെയിനാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു സർവീസ് മാത്രമാണ് ഉണ്ടാവുക. ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡൽഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീൻ ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.