പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെൻ്റിൻ്റെ നടത്തിപ്പിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സുരക്ഷാ ആശങ്കകൾ മുന്നോട്ടുവെച്ചതായി പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്. പിഎസ്‌എല്ലിന് വേദിയാകാൻ യുഎഇ തയ്യാറാകാതിരുന്നാൽ അത് പിസിബിക്ക് കനത്ത തിരിച്ചടിയാകും.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിഎസ്എല്ലുപോലുള്ള ഒരു ടൂർണമെൻ്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന ആശങ്ക യുഎഇ ബോർഡിനുണ്ട്. മാത്രമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെച്ചുപുലർത്തുന്നത്. ഐപിഎൽ മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇ യിൽ വെച്ച് നടന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാൻ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോ ഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ഇന്ത്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. രാജ്യം വിടണമെന്ന ആവശ്യവുമായി വിദേശ താരങ്ങൾ രംഗത്തെത്തിയതോടെ പിസിബി സമ്മർദത്തിലായി. ജെയിംസ് വിൻസ്, ടോം കറൻ, സാം ബില്ലിങ്സ്, ക്രിസ് ജോർദാൻ, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോഹ്ലർ-കാഡമോർ എന്നീ ഇംഗ്ലീഷ് താരങ്ങളും ഡേവിഡ് വാർണർ, ജേസൺ ഹോൾഡർ, റാസ്സി വാൻഡെർ ദസ്സൻ എന്നിവരും ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്‌സാൺഡ്ര ഹാർട്ട്ലിയും ഇത്തവണ പിഎസ്എല്ലിൻ്റെ ഭാഗമായി പാകിസ്താനിലുണ്ട്.
ഏപ്രിൽ 22-ന് പഹൽഗാമിൽ ഭീകരർ നടത്തിയ തീവ്രവാദി ആക്രമണത്തിൽ 25 ഇന്ത്യക്കാർക്കും ഒരു നേപ്പാൾ സ്വദേശിക്കും ജീവൻ നഷ്‌ടമായിരുന്നു. ഇതിനു തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്‌താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ച് തകർത്തിരുന്നു. പിന്നീട് പാകിസ്‌താൻ പ്രത്യാക്രമണം നടത്തുകയും ഇന്ത്യ അത് പ്രതിരോധിക്കുകയും ചെയ്‌തതോടെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.