തികച്ചും അപ്രതീക്ഷിതമായാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.
1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌തിൻ്റെ ജനനം. ലൊയോള യൂണിവേഴ്‌സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. വിശുദ്ധ അഗസ്തീനോസിൻ്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം സെന്റ് അഗസ്റ്റിൻ ഓർഡറിൽ സഭയിൽ ചേർന്നു.
1987-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ഭുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. അവിടെ അദ്ദേഹം ദാരിദ്ര്യത്തിനും അനീതിക്കും എതിരെ ശക്തമായ നിലപാടു സ്വീകരിച്ചു. ലാറ്റിനമേരിക്കൻ സഭയുടെ സാമൂഹിക, ആത്മീയ വെല്ലുവിളികൾ നേരിട്ടനുഭവിച്ച അദ്ദേഹം ‘ദരിദ്രർക്കായുള്ള സഭ’ എന്ന ദർശനത്തിൻ്റെ വക്താവായി.
2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിൻ്റെ തലവനായി നിയമിച്ചു, ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2 വർഷത്തിനുള്ളിൽ മാർപാപ്പ പദവിയിൽ!
സാമൂഹിക നീതി ഉയർത്തിപ്പിടിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പ (1878-1903) യുടെ പേര് സ്വീകരിച്ചതോടെ നയം വ്യക്തമാക്കി പുതിയ മാർപാപ്പ; സഭ ദരിദ്രർക്കും പോരാടുന്നവർക്കുമൊപ്പം നിലനിൽക്കും. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം യുവജനങ്ങളുമായി ആശയവിനിമയം നടത്തുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്നത് പാശ്ചാത്യലോകത്ത് സഭയുടെ സ്വാധീനം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.