രാത്രിയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല ഇന്നു പുലർച്ചെ ജമ്മുവിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി ജമ്മു, പഠാൻകോട്ട്, ഉധംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാക്കിസ്‌ഥാൻ സൈന്യത്തിൻ്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയിരുന്നു,
“ജമ്മു നഗരത്തിലും ഡിവിഷൻ്റെ മറ്റു ഭാഗങ്ങളിലും ഇന്നലെ രാത്രി നടന്ന പരാജയപ്പെട്ട പാക്കിസ്ഥാൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് സ്‌ഥിതിഗതികൾ വിലയിരുത്താൻ ഇപ്പോൾ ജമ്മുവിലേക്കു പോകുന്നു.”- ഒമർ അബ്‌ദുല്ല എക്‌സ് പോസ്‌റ്റിൽ പറഞ്ഞു. സ്കൂളുകളുടെ അവധി നീട്ടുന്നതു സംബന്ധിച്ച് സാഹചര്യമനുസരിച്ച് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച വരെ സ്‌കൂളുകൾ അടച്ചിടാൻ ജമ്മു കശ്‌മീർ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റു വ്യാഴാഴ്ച്‌ച ഉത്തരവിട്ടിരുന്നു.
ഇന്നലെ രാത്രി ജമ്മു കശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മിസൈൽ -ഡ്രോൺ ആക്രമണം അഴിച്ചുവിട്ട പാക്കിസ്ഥാന് ഇന്ത്യ ശക്‌തമായ മറുപടിയാണ് നൽകിയത്. ജമ്മു വിമാനത്താവളത്തിനു സമീപം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്കും സമീപം രണ്ടു ഡ്രോണുകളും തകർത്തു. എട്ടു മിസൈലുകളെയും നിഷ്പ്രഭമാക്കി. പഠാൻകോട്ട്, ജയ്‌സൽമേർ എന്നിവടങ്ങളിലും ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. ജമ്മു, പഠാൻകോട്ട്, ഉധംപുർ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണശ്രമമുണ്ടായി.