ടൈംസ് ഹയർ എജുക്കേഷൻറെ 2025-ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് രാജ്യത്ത് നാലാംസ്ഥാനം. രാജ്യത്തെ 25 മുൻനിര സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണുള്ളത്. ഏഷ്യയിൽ 140-ാം സ്ഥാനത്താണ്.
ഏഷ്യയിലെ 853 സർവകലാശാലകളെയാണ് റാങ്കിങ്ങിന് പരിഗണിച്ചത്. ഗവേഷണം, അധ്യയനം, വിജ്ഞാനകൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണയിച്ചത്. ചൈനയിലെ സിൻഹുവ സർവകലാശാലയാണ് പട്ടികയിൽ ഒന്നാമത്. ടൈംസ് ഹയർ എജുക്കേഷൻറെ വിവിധ റാങ്കിങ്ങുകളിൽ തുടർച്ചയായി മികവു പുലർത്തുന്ന എംജി, 2025-ലെ ആഗോള റാങ്കിങ്ങിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ്.