ആഗോള കളക്ഷനിൽ 100 കോടി പിന്നിട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്‌ത് അഞ്ച് ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. ആശിർവാദ് സിനിമാസും 100 കോടി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
കൊമ്പൻ നടക്കുമ്പോൾ കാടും അവനൊപ്പം നടക്കും എന്നാണ് ആശിർവാദ് സിനിമാസ് തുടരും-എൻ്റെ 100 കോടി കളക്ഷൻ പ്രഖ്യാപന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മലയാളസിനിമയിൽ ഇതാദ്യമായാണ് ഒരു താരത്തിൻ്റെ ഒരു വർഷമിറങ്ങിയ രണ്ട് ചിത്രങ്ങൾ 100 കോടി ആഗോള കളക്ഷൻ നേടുന്നത്. അതും തുടർച്ചയായ മാസങ്ങളിലാണെന്നതാണ് ശ്രദ്ധേയം.
മോഹൻലാൽ നായകനായി കഴിഞ്ഞമാസം പുറത്തിറങ്ങിയ എമ്പുരാൻ 300 കോടി കളക്ഷൻ നേടിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ തുടരും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ് ഗോവിന്ദ്.