വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ ഓരോന്നായി പാലിച്ച് ഇതരസംസ്ഥാനങ്ങൾക്കും രാജ്യത്തിനാകെയും മാതൃകയായി സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുന്നത്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കിയ ഒൻപത് വർഷമാണ് കടന്നുപോയത്. സർക്കാർ പത്താംവർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഓരോ മലയാളിക്കുമുള്ള സമ്മാനമായതാണ് വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ കമ്മിഷൻ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. കമ്മിഷൻ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോളതലത്തിൽ നിർണായക സ്ഥാനം നൽകുന്ന പുതിയ യുഗത്തിൻ്റെ പ്രാരംഭ മുഹൂർത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്‌നം യാഥാർത്ഥ്യമായത്, മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ തർക്കമായി കൊണ്ടുവരേണ്ടതില്ല. ഇത് നമ്മുടെ നാടിനുള്ളതാണ്. ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു എന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്. കല്ലിട്ടതുകൊണ്ട് മാത്രം കാര്യങ്ങൾ പൂർത്തിയാകില്ല. ഇപ്പോൾ കപ്പൽ ഓടുന്ന അവസ്ഥയിൽ എത്തിയല്ലോ. വിഴിഞ്ഞം പദ്ധതി ഈ സർക്കാരിന്റേയോ അതിന് മുമ്പുള്ള (2011 മുതൽ 2016 വരേയുള്ള) സർക്കാരിന്റേയോ കണ്ടെത്തൽ അല്ല എന്ന് പ്രത്യേകം ഓർമ്മിക്കണം. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ്. അതിൽ കഴിഞ്ഞ ഒൻപത് വർഷം ഏറ്റവും നിർണായകമായിരുന്നു. 2016-ൽ അധികാരത്തിൽ വന്ന സർക്കാരും നിലവിലുള്ള സർക്കാരും ഉചിതമായ കാര്യങ്ങൾ ചെയ്‌തു. അത് ക്രെഡിറ്റ് നേടുന്നതിന് വേണ്ടിയല്ല. നമ്മുടെ നാട് മുമ്പോട്ട് പോകുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തർക്കവിഷയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അതിനല്ല പ്രാധാന്യം കൽപ്പിച്ചത്. പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത്, ബോട്ട് തള്ളിക്കൊണ്ട് വന്ന് ഉദ്ഘാടനം നടത്തുന്ന രീതിയല്ല വരാൻ പോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ക്രെഡിറ്റ് അർഹിക്കുന്നവർക്ക് ജനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.