ബിഹാർ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസും നടത്തുന്നതിനു ബിജെപിക്കുമേൽ സമ്മർദമേറിയതാണ് കേന്ദ്രസർക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പിന്നിൽ. ജാതി സെൻസസിന് എന്താണു നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്മാക്കണമെന്ന് ഇതര പിന്നാക്ക വിഭാഗ (ഒബിസി) ക്ഷേമത്തിനുള്ള പാർലമെന്ററി സമിതിയിൽ പ്രതിപക്ഷത്തിനൊപ്പം ഭരണമുന്നണിയിലെ ജെഡിയുവും ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്തുള്ള എൽജെപിയും ജാതി സെൻസസ് വേണമെന്നു വാദിച്ചു.
2021 ലെ സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്നാണു സർക്കാർ നേരത്തെ പറഞ്ഞതെങ്കിലും പിന്നീടു പിൻമാറി. ഒബിസി ഉപസംവരണത്തിനു ജസ്‌റ്റിസ് രോഹിണി കമ്മിഷൻ നൽകിയ റിപ്പോർട്ട് പുറത്തുവിടാനും സർക്കാർ തയാറായിരുന്നില്ല. ഉപാധിയോടെ ജാതി സെൻസസിനെ അനുകൂലിക്കുന്ന നിലപാടിലേക്ക് ആർഎസ്എസ് എത്തിയിരുന്നു. സെൻസസ് രാഷ്ട്രീയ-തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഉപാധി.
“ക്ഷേമപ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ചും, പിന്നാക്ക വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളവയ്ക്കു സർക്കാരിനു കണക്കുകൾ വേണ്ടിവരാം. അത്തരത്തിൽ നേരത്തെയും സർക്കാർ ഡേറ്റ ശേഖരിച്ചിട്ടുള്ളതാണ്. അതു രാഷ്ട്രീയത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള ഉപകരണമാക്കരുത്” – പാലക്കാട് നടന്ന സമന്വയ ബൈാക്കിനുശേഷം ആർഎസ്എസ് വക്‌താവ് സുനിൽ അംബേദ്‌കർ നിലപാട് വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് നിലപാട് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടത് ബിജെപിയിലേക്ക് വന്നു ചേർന്നിരുന്നു. ജാതി സെൻസസ് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴത്തെ സ്‌ഥിതിയിൽ അതിൻ്റെ ക്രെഡിറ്റ് പ്രതിപക്ഷം കൊണ്ടുപോകുമെന്ന സ്‌ഥിതിയും ബിജെപി ഭയക്കുന്നുണ്ട്.
ജാതി സെൻസസ് നടത്തിയാലും വിവരങ്ങൾ പുറത്തുവിടാൻ പാടില്ലെന്നാണ് ആർഎസ്എസ് നിലപാടെന്നു വിലയിരുത്തലുണ്ട്. വിവരങ്ങൾ പരസ്യപ്പെടുത്താതിരുന്നാൽ അതിനെതിരെ പ്രക്ഷോഭം ഉണ്ടാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. വിവരങ്ങൾ രഹസ്യമാക്കുന്നതിനെ ബിഹാറിൽനിന്നുള്ള സഖ്യകക്ഷികൾ അനുകൂലിക്കാനുള്ള സാധ്യതയും ബിജെപി കാണുന്നില്ല. ജാതി സെൻസസ് നടത്താൻ മോദി സർക്കാരിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പലവട്ടം വെല്ലുവിളിച്ചിരുന്നു. ജാതി സെൻസസ് രാജ്യത്തിന്റെ എക്സ്‌റേ എന്നായിരുന്നു രാഹുൽ പല പൊതുസമ്മേളനങ്ങളിലും പറഞ്ഞത്.