ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ ചോർന്നതാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ അഭിപ്രായം. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധനയ്ക്ക് പാർട്ടി തയ്യാറാകണമെന്നാണ് നിർദേശം. കേന്ദ്രകമ്മിറ്റിയിലെ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് സി.പി.എം. വൈകാതെ കടക്കും.
പാർട്ടിയും ഇടതുപക്ഷവും ഏറ്റവും പ്രതീക്ഷയോടെകണ്ട കേരളത്തിലുണ്ടായ തോൽവിതന്നെയാണ് കേന്ദ്രകമ്മിറ്റി യോഗത്തിൽ രണ്ടാംദിവസത്തെ ചർച്ചയിലും പ്രാധാന്യംനേടിയത്.
എട്ടുവർഷമായി പാർട്ടിയും ഇടതുമുന്നണിയും അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധവികാരവും വോട്ടുചോർച്ചയിൽ പ്രതിഫലിച്ചിട്ടുണ്ടാകുമെന്ന അഭിപ്രായവും സംസ്ഥാനഭേദമെന്യേ അംഗങ്ങൾ ഉയർത്തിയതായി സൂചനയുണ്ട്.
2019-ലും പാർട്ടിയുടെ അടിസ്ഥാനവോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ട്. അന്നും പ്രതിഫലിച്ചത് ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ബദൽമുന്നണിയെ മുൻനിർത്തി പോരാടുന്നതിലെ പരിമിതിയാണ്. ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്ന് അരങ്ങേറിയ വിവാദങ്ങളും ബാധിച്ചു. എന്നാൽ, പാർട്ടിയും സർക്കാരും നടത്തിയ തിരുത്തൽ പ്രവർത്തനങ്ങളുടെ ഫലമായി നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ലനിലയിൽ തിരിച്ചുവരാനായി. അതേനില തുടർന്നാൽ ഇത്തവണയും തിരിച്ചുവരാനാകുമെന്നും കേരളത്തിൽനിന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ദേശീയതലത്തിൽ കോൺഗ്രസിനെ മുന്നിൽനിർത്തി പോരാടുന്നതിലെ പരിമിതിയെ കുറച്ചുകാണാനാവില്ലെന്ന അഭിപ്രായവും ഉയർന്നു. ഇത്തവണ പാർട്ടിയുടെ അടിസ്ഥാനവോട്ടുകളിൽ ഗണ്യമായ അടിയൊഴുക്ക് കോൺഗ്രസിലേക്കും ബി.ജെ.പി.യിലേക്കുമുണ്ടായതും ചൂണ്ടിക്കാട്ടി. അടിയന്തര തിരുത്തൽപ്രക്രിയയിലേക്ക് കടന്നില്ലെങ്കിൽ അപകടമാകുമെന്ന മുന്നറിയിപ്പും നൽകി. ബി.ജെ.പി. വളർച്ചയെ ഗൗരവമായി കാണണം. ബി.ജെ.പി. ഇത്തവണ തിരഞ്ഞെടുപ്പിൽ 19 ശതമാനത്തിലധികം വോട്ടുനേടിയതും ഗൗരവതരമാണെന്ന് കേന്ദ്രകമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
പശ്ചിമബംഗാളിൽ കോൺഗ്രസ് സഖ്യംകൊണ്ട് പ്രയോജനമില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞെന്ന അഭിപ്രായപ്രകടനങ്ങളുമുണ്ടായി.
കേന്ദ്രകമ്മിറ്റി ചർച്ചയുടെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറിയുടെ മറുപടിപ്രസംഗം തയ്യാറാക്കാനായി വൈകീട്ട് പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. ജനറൽ സെക്രട്ടറിയുടെ മറുപടിപ്രസംഗത്തിനുശേഷം ഞായറാഴ്‌ച ഉച്ചയോടെ കേന്ദ്രകമ്മിറ്റി യോഗം അവസാനിക്കും.