സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. 3,22,147 കുട്ടികൾക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്‌ച പൂർത്തിയായി. മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉൾപ്പെടുത്തി സപ്ലിമെൻ്ററി അലോട്മെൻ്റ് നടത്തും.
ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയർസെക്കൻഡറി വകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവർ സ്‌കൂളുകളിൽ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തവരെയും തുടർന്നുള്ള അലോട്മെൻ്റുകളിൽ പരിഗണിക്കില്ല. പുതിയ അപേക്ഷ നൽകാനും സപ്ലിമെൻ്ററി ഘട്ടത്തിൽ അവസരമുണ്ട്.
ഭിന്നശേഷിക്കാർക്ക് അധികമായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകൾ 3,09,142 ആണ്. മുഖ്യ അലോട്മെൻ്റിൽ ഇതിൽ 3,05,554 സീറ്റുകളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, 37,634 കുട്ടികൾ അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേർന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തിൽ മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്മെന്റ്.
ഏകജാലകംവഴി മെറിറ്റിൽ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളിൽ ചേർന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളിൽ പ്രവേശനം നേടിയവർ: സ്പോർട്സ് ക്വാട്ട 4,333, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (എം.ആർ.എസ്.)- 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട 19,192, അൺഎയ്ഡഡ്- 10,583. ആകെ- 3,22,147.