ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. രണ്ടു തവണയായി അടച്ചിട്ട മുറിയിലാണ് കൂടിക്കാഴ്‌ച നടത്തിയതെന്നും അര മണിക്കൂറോളം ഇരുവരും സംസാരിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്കു നേരിട്ട തിരിച്ചടിക്കു പിന്നാലെയാണ് കുടിക്കാഴ്ച.
ബുധനാഴ്‌ചയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ആർഎസ്എസ് ക്യാംപിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് ഗൊരഖ്പുരിലെത്തിയത്. ഇത് പതിവ് സന്ദർശനമല്ലെന്നും ബിജെപിക്ക് ശക്‌തമായ അടിത്തറയുള്ള യുപിയിലേറ്റ പരാജയത്തിൻ്റെ കാരണങ്ങൾ ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയതെന്നുമാണ് ആർഎസ്എസുമായി അടുത്തു പ്രവർത്തിക്കുന്ന ഒരു ബിജെപി നേതാവ് അറിയിച്ചത്.
ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. 2014ൽ 71 സീറ്റുകളും 2019ൽ 62 സീറ്റുകളും നേടിയിടത്താണ് ഇത്തവണ കനത്ത പ്രഹരമേറ്റത്. കോൺഗ്രസ് -സമാജ്‌വാദി പാർട്ടി സഖ്യത്തിന് ഇത്തവണ 43 സീറ്റുകളാണ് യുപിയിൽ ലഭിച്ചത്.