പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്‌മെൻ്റ് ലഭിക്കുന്നവർക്ക് ബുധനാഴ്‌ച 10 മുതൽ വ്യാഴാഴ്ച്‌ച വൈകുന്നേരം അഞ്ചുവരെ സ്‌കൂളിൽച്ചേരാം.
ആദ്യ അലോട്മെൻ്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്‌ച പൂർത്തിയായി. 2,45,944 പേരാണ് ആദ്യത്തേതിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ 1,20,176 കുട്ടികൾ സ്ഥിരം പ്രവേശനംനേടി. 99,420 പേർ ഉയർന്ന ഓപ്ഷനുകൾ പ്രതീക്ഷിച്ച് താത്കാലികമായി സ്‌കൂളുകളിൽ ചേർന്നു. 25,156 പേർ പ്രവേശനം നേടിയില്ല. രേഖകളുടെ അസൽ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 1,189 പേരുടെ അലോട്മെന്റ് റദ്ദായി.
ഐ.ടി.ഐ., പോളിടെക്‌നിക്, വൊക്കേഷണൽ ഹയർസെക്കൻഡറി തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുത്തവരും കേന്ദ്ര സിലബസിൽ പ്ലസ് ടു പഠനം തുടങ്ങിയവരുമാണ് പ്രവേശനം നേടാത്തവരിൽ ഭൂരിപക്ഷവും. ആദ്യ അലോട്മെന്റിനുശേഷം 64,117 സീറ്റാണ് മിച്ചമുണ്ടായിരുന്നത്. ഇതും പ്രവേശനം നേടാത്തതും റദ്ദായ സീറ്റുകളും രണ്ടാം അലോട്മെൻ്റിനായി നീക്കിവെക്കും. മൂന്നുവിഭാഗങ്ങളിലുമായുള്ളത് 90,462 സീറ്റാണ്. ഇത്രയുംപേർക്കുകൂടി അടുത്ത അലോട്മെന്റിൽ ഇടംലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
സ്പോർട്‌സ് ക്വാട്ടയിൽ 6155 കായികതാരങ്ങൾക്കാണ് അലോട്മെന്റ് ലഭിച്ചിരുന്നത്. ഇവരിൽ 2519 പേർ സ്ഥിരം പ്രവേശനംനേടി. 1895 കുട്ടികൾ താത്കാലിക പ്രവേശനവും. 1736 പേർ സ്‌കൂളിൽ ചേർന്നില്ല.