മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടൻ്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൾട്ടൻ്റ്( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്‌ട് മാനേജർ എം.അമർനാഥ് റെഡ്ഡിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ദേശീയപാത നിർമാണത്തിൻ്റെ ടീം ലീഡറായ രാജ് കുമാർ എന്ന ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് അനുസരിച്ചാണ് കരാർ കമ്പനിക്കും കൺസൾട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്. കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല.

ഈ മാസം 19നാണ് കൂരിയാണ് ദേശീയപാത 66ൻ്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘമാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്. ഈ സംഘത്തിൻ്റെ പ്രഥമിക റിപ്പോർട്ട് അനുസരിച്ചാണ് നടപടി.
ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉൾപ്പെടുത്തി ദേശീയ പാത തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്‌ധ സംഘത്തിന്റെ വിശദമായ റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഈ വിദഗ്‌ധ സംഘം പരിശോധിക്കുമെന്നാണ് വിവരം.