പാകിസ്‌താൻ സൈന്യത്തിനെതിരേ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അതിർത്തികടന്നുള്ള ഭീകരതയിൽ കഴുത്തറ്റം അവർ ഉൾപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധ തീവ്രവാദികൾ പ്രവർത്തിക്കുന്ന രാജ്യമാണ് പാകിസ്‌താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡച്ച് മാധ്യമമായി ഡി വോൾക്‌സ് ക്രാന്റിന് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പാകിസ്‌താനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പാകിസ്താനിൽ ഭീകരവാദികൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ഭരണകൂടത്തിനറിയില്ലെന്ന കാര്യം അദ്ദേഹം തള്ളി. സൈന്യവും ഭരണകൂടവും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

യുഎൻ ഉപരോധമേർപ്പെടുത്തിയ കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാകിസ്‌താനിലാണ്. വലിയ നഗരങ്ങളിൽ പകൽവെളിച്ചത്തിലാണ് അവർ പ്രവർത്തിക്കുന്നത്. അവരുടെ വിലാസങ്ങൾ അറിയാം. പ്രവർത്തനങ്ങൾ അറിയാം. അവരുടെ ബന്ധങ്ങളുമറിയാം – എസ്. ജയ്ശങ്കർ പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴാം തീയതി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.