അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ രാജ്യത്തുതന്നെ നിർമ്മിക്കണമെന്ന് ആപ്പിളിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല അവ നിർമിക്കേണ്ടതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് മുന്നറിയിപ്പ് നൽകി. ചൈനയ്ക്കെതിരായ ട്രംപിൻ്റെ തീരുവ യുദ്ധത്തിനിടെ ഇന്ത്യയെ ഐഫോണുകളുടെ ഒരു ബദൽ നിർമ്മാണ കേന്ദ്രമായി ആപ്പിൾ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമ്മിക്കുമെന്നും അസംബിൾ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല.
അങ്ങനെയല്ലെങ്കിൽ, കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിൾ നൽകേണ്ടിവരും – അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിർമാണശാലകൾ കഴിഞ്ഞ സാമ്പത്തിക വർഷം 12 മാസത്തിനുള്ളിൽ 22 ബില്യൺ ഡോളറിൻ്റെ സ്‌മാർട്ട്ഫോണുകളാണ് ഉത്പാദിപ്പിച്ചത്. ഈ യുഎസ് ആസ്ഥാനമായ കമ്പനി മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ ഐഫോൺ നിർമാണം 60 ശതമാനം വർധിപ്പിച്ചിരുന്നു. അതിനിടെയാണ് അമേരിക്കയിൽ വിറ്റഴിക്കുന്ന ഐഫോണുകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലല്ല നിർമിക്കേണ്ടതെന്ന ട്രംപിൻ്റെ മുന്നറിയിപ്പ്.
ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ആപ്പിൾ ഉടൻ പ്രതികരിച്ചില്ല. അതിനിടെ, ഒരു പ്രത്യേക കമ്പനിക്കുമേൽ ചുങ്കം ചുമത്താൻ ട്രംപിന് കഴിയുമോ എന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തുതു. ജൂൺ പാദത്തിൽ അമേരിക്കയിൽ വിൽക്കുന്ന തങ്ങളുടെ മിക്ക സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ നിന്നുള്ളവയായിരിക്കുമെന്ന് ഐഫോൺ നിർമ്മാതാക്കൾ പറഞ്ഞിരുന്നു.