മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തിൽ പോലീസിനെ വീണ്ടും കുരുക്കിലാക്കുകയാണ് മൊഴിയിലെ വൈരുധ്യങ്ങൾ. കുട്ടി ക്രൂരപീഡനമേറ്റ വിവരം അറിയില്ലെന്നാണ് കസ്റ്റഡിയിലുള്ള അമ്മയുടെ മൊഴി. എന്നാൽ ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നെന്നും അതറിഞ്ഞ് അവർ തന്നെ തല്ലിയിരുന്നെന്നുമാണ് കുട്ടിയുടെ ബന്ധുകൂടിയായ പ്രതിയുടെ മൊഴി.

ഒരു വർഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കിൽ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. അതേസമയം ഭർതൃവീട്ടിൽ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും മക്കളെ പോലും തന്നിൽനിന്ന് അകറ്റി നിർത്തിയെന്നും ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം.