ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഡച്ച് മാധ്യമമായ എൻഒഎസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ തുടർന്നുകൊണ്ടിരിക്കുകയാണ്. കാരണം ആ ഓപ്പറേഷനിൽ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, ഏപ്രിൽ 22-ന് നാം കണ്ടവിധത്തിലുള്ള പ്രവൃത്തികൾ ഇനിയുണ്ടായാൽ അതിനു നേർക്ക് പ്രതികരണമുണ്ടാകും. നാം ഭീകരവാദികളെ ആക്രമിക്കും, ജയ്ശങ്കർ വ്യക്തമാക്കി.
ഭീകരവാദികൾ പാകിസ്‌താനിലാണെങ്കിൽ, അവർ എവിടെയാണോ അവിടെവെച്ച് ആക്രമിക്കുമെന്നും ജയ്‌ശങ്കർ പറഞ്ഞു. ഓപ്പറേഷൻ തുടരുന്നതിനകത്ത് ഒരു സന്ദേശമുണ്ട്. എന്നാൽ, ഓപ്പറേഷൻ തുടരുന്നു എന്നത് പരസ്പരം വെടിയുതിർക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാകിസ്‌താൻ സൈനിക മേധാവിയുടെ മതത്തെക്കുറിച്ചുള്ള അതിതീവ്രമായ വീക്ഷണം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാധീനിച്ചിരുന്നെന്നും ജയ്‌ശങ്കർ ആരോപിച്ചു. വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കാനും വർഗീയകലാപം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പഹൽഗാം ആക്രമണം നടന്നത്. മതം എന്നൊരു ഘടകംകൂടി ഉൾപ്പെടുത്തപ്പെട്ടു. മതപരമായി അതിതീവ്ര കാഴ്‌ചപ്പാടുള്ളയാളാണ് പാകിസ്‌താൻ സൈനിക മേധാവി. ചിലർ അദ്ദേഹത്തിൻ്റെ കാഴ്‌ചപ്പാടുകളോട് ചേർന്നുനിൽക്കും, ജയ്‌ശങ്കർ പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴാം തീയതി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്‌താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.