ഇന്ത്യയിൽ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള കൊടുംഭീകരൻ പാകിസ്താനിൽ കൊല്ലപ്പെട്ടു. സെയ്‌ഫുള്ള ഖാലിദ് എന്ന ലഷ്‌കർ ഭീകരനാണ് കൊല്ലപ്പെട്ടത്. പാകിസ്‌താനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് സെയ്‌ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത് എന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.
2001ലെ രാംപുർ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ലെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രണം, 2006ൽ നാഗ്‌പുരിലെ ആർഎസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്‌ഫുള്ള ഖാലിദെന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.

അഞ്ചുവർഷത്തിനിടെ നടത്തിയ മൂന്ന് ആക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വിനോദ് കുമാർ എന്ന പേരിൽ നേപ്പാളിൽ കഴിഞ്ഞിരുന്ന ഇയാൾ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. വ്യാജപേരിൽ നേപ്പാളിൽ കഴിയവയെയാണ് ഇയാൾ ഇന്ത്യയിലെ ആക്രമണങ്ങൾ ആസൂത്രണം ചെയ്‌തത്. ആക്രമണങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്‌തും ആയുധങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
നേപ്പാളിൽ നിന്ന് പിന്നീട് പാകിസ്‌താനിലേക്ക് കടന്ന സെയ്‌ഫുള്ള ഖാലിദ് പാകിസ്താനിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി കഴിയുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം അടുത്തിടെയാണ് ഇയാൾ സിന്ധിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറിയത്.