ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം. വെസ്റ്റേൺ കമാൻഡിന്റെ എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാകിസ്‌താൻ്റെ ഭൂപ്രദേശം ലക്ഷ്യമാക്കിയുള്ള വെടിവെപ്പിന്റെയും ഷെല്ലാക്രമണത്തിൻ്റെയും ദൃശ്യങ്ങളാണുള്ളത്. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഒരു സംഘം സൈനികരുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഇതിന്റെയെല്ലാം തുടക്കം പഹൽഗാം ഭീകരാക്രമണത്തിൽനിന്നാണ്. ഉരുകിയ ലാവ പോലെയായിരുന്നു ക്രോധം. മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ നമ്മൾ അവരെ തലമുറകളോളം ഓർമിച്ചുവെക്കുന്ന ഒരു പാഠം പഠിപ്പിക്കും. ഇതൊരു പ്രതികാരനടപടിയല്ല. അത് നീതിയാണ്’, ഒരു സൈനികൻ പറയുന്നത് കാണാം. തുടർന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ളത്.
മേയ് ഒൻപതാം തീയതി രാത്രി ഒൻപതുമണിയോടെ, വെടിനിർത്തൽ കരാർ ലംഘിച്ച ശത്രുവിൻ്റെ മുഴുവൻ പോസ്റ്റുകളും ഇന്ത്യൻ ആർമി തകർക്കുകയും ശത്രുക്കളെ ഓടിക്കുകയും ചെയ്‌തു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു നടപടിയായിരുന്നില്ല, പതിറ്റാണ്ടുകളായിട്ടും പഠിക്കാത്ത പാകിസ്‌താനുവേണ്ടിയുള്ള ഒരു പാഠമായിരുന്നു, സൈനികൻ പറയുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.