ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിക്ക് ഭാരത രത്ന നൽകണമെന്ന് മുൻ താരം സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് സാധ്യമായ ഏറ്റവും ഉയർന്ന അംഗീകാരംതന്നെ അദ്ദേഹം അർഹിക്കുന്നുവെന്ന് റെയ്‌ന പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റെയ്ന.
മേയ് 12-ാം തീയതിയാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി കോലി അറിയിച്ചത്. തൻ്റെ പ്രിയപ്പെട്ട ഫോർമാറ്റിൽ 10,000 റൺസ് തികയ്ക്കാൻ 770 റൺസ് മാത്രമുള്ളപ്പോഴായിരുന്നു ആ നാഴികക്കല്ല് വേണ്ടെന്നുവെച്ചുള്ള കോലിയുടെ വിരമിക്കൽ തീരുമാനം. 2024-ലെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കോലി ടി20-യിൽ നിന്ന് വിരമിച്ചിരുന്നു.

2013-ൽ അർജുന അവാർഡ്, 2017-ൽ പദ്‌മശ്രീ, 2018-ൽ രാജ്യത്തെ ഉയർന്ന കായിക ബഹുമതിയായ ഖേൽ രത്ന പുരസ്‌കാരം എന്നിവ കോലിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സേവനങ്ങൾക്ക് കണക്കിലെടുത്ത് സർക്കാർ കോലിക്ക് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് റെയ്‌ന പറഞ്ഞു.
സച്ചിൻ തെണ്ടുൽക്കറാണ് ഭാരതരത്ന ലഭിച്ച രാജ്യത്തെ ഏക ക്രിക്കറ്റ് താരം. 2013-ൽ വിരമിച്ചതിനു ശേഷമാണ് സച്ചിന് ഭാരതരത്‌ന നൽകി രാജ്യം ആദരിച്ചത്.