ദേശീയപാത-66 ന്റെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. കാൽനടയാത്രക്കാർക്കും ട്രാക്‌ടറിനും പാതയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ബോർഡിൽ വ്യക്തമാണ്.
ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അവർക്ക് സർവീസ് റോഡ് മാത്രം ഉപയോ ഗിക്കാനേ അനുവാദമുണ്ടാകൂ. നിലവിൽ എക്‌സ്പ്രസ് ഹൈവേകളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല.
60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുൾപ്പെടെ വേഗം കുറഞ്ഞ വണ്ടികൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.
ആറുവരിപ്പാതയിൽ വാഹനം ഓടിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
- വാഹനങ്ങൾ സഞ്ചരിക്കുന്നതിനുമാത്രമായി റോഡിൽ വെള്ളവരയിൽ അടയാളപ്പെടുത്തിയ കാര്യേജ് വേയിൽ വാഹനം നിർത്തരുത്
- കാര്യേജ് വേയുടെ അതിർത്തിവരയ്ക്കുപുറമെ അരമീറ്ററെങ്കിലും മാറ്റിമാത്രമേ അത്യാവശ്യഘട്ടങ്ങളിൽ വാഹനം നിർത്താവൂ
- നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളെയോ അഭിമുഖീകരിക്കുമ്പോഴും മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും പരമാവധി വേഗം കുറച്ച് ഇടതുവശംചേർന്ന് മാത്രം ഓടിക്കുക
- ഇരട്ട അല്ലെങ്കിൽ കൂടുതൽ കാര്യേജ് വേകളുള്ളയിടങ്ങളിൽ ലെയ്ൻ അച്ചടക്കം നിർബന്ധമായും പാലിക്കുക
- ഇരട്ട കാര്യേജ് വേ റോഡുകളിൽ ഇടതുവശത്തെ വേയിൽക്കൂടിമാത്രമേ ഓടിക്കാവൂ. വലതുവശത്തെ ട്രാക്ക് ഓവർടേക്ക് ചെയ്യുന്നതിനും ആംബുലൻസ് പോലുള്ള വാഹനങ്ങൾക്ക് കടന്നുപോകുന്നതിനുമുള്ളതാണ്
- ഓവർടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കണം