സംസ്ഥാനത്തെ ആദ്യത്തെ ലൈറ്റ്ട്രാം പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് അനുമതി തേടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സർക്കാരിനെ സമീപിക്കുന്നു. കൊച്ചിയിലെ വിവിധ മേഖലകളെ പരസ്‌പരം ബന്ധിപ്പിച്ചാണ് വിദേശമാതൃകയിലുള്ള ലൈറ്റ്‌ട്രാം ആസൂത്രണം ചെയ്യുന്നത്. ഇതിന് സാധ്യതാപഠനം നടത്തുന്നതിന് കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകി.
തുടർനടപടികളുടെ ഭാഗമായി പദ്ധതി നിർദേശം ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

സാധ്യതാ പഠനത്തിന് കേന്ദ്രസഹായം വേണം. സംസ്ഥാന സർക്കാരിൻ്റെ അനുമതിയോടെയേ പദ്ധതിനിർദേശം കേന്ദ്രത്തിന് അയക്കാനാകൂ. വിശദമായ പദ്ധതി രൂപരേഖയെല്ലാം സാധ്യതാപഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുക.
എംജി റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ-മേനക-ജോസ് ജങ്ഷൻ വഴി തേവര വരെയുള്ള 6.2 കിലോമീറ്ററിൽ ലൈറ്റ്ട്രാം നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈറ്റ്‌ട്രാം നടപ്പാക്കിയ ഹെസ് ഗ്രീൻ മൊബിലിറ്റി സംഘം ചർച്ചകൾക്കായി കഴിഞ്ഞവർഷം കൊച്ചിയിലെത്തിയിരുന്നു. കെഎംആർഎല്ലുമായി ചർച്ചകൾ നടത്തുകയും പദ്ധതിക്കായി പരിഗണനയിലുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതിന്റെ തുടർച്ചയായാണ് സാധ്യതാപഠനം നടത്തുന്നതിന് അനുമതി തേടാൻ കെഎംആർഎൽ തീരുമാനിച്ചത്.
റോഡ് നിരപ്പിലൂടെയും മെട്രോയ്ക്ക് സമാനമായും ഭൂഗർഭപാതയിലുമെല്ലാം സർവീസ് നടത്താനാകുമെന്നതാണ് ലൈറ്റ്ട്രാമിന്റെ മെച്ചം. മെട്രോയില്ലാത്ത സ്ഥലങ്ങളിലേക്ക് സർവീസ് ഉദ്ദേശിച്ചാണ് കൊച്ചിയിലിത് ആസൂത്രണം ചെയ്യുന്നത്. ട്രാം സർവീസ് പോലെ തന്നെയാണിത്. മൂന്നുബോഗികളുള്ള ഇവയ്ക്ക് 25 മീറ്റർ നീളമുണ്ടാകും. 240 പേർക്ക് യാത്ര ചെയ്യാൻ കഴിയും. മെട്രോയെക്കാൾ നിർമാണച്ചെലവ് കുറവാണെന്നതും നേട്ടമാണ്.