ഗാസയിലെ യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. യുദ്ധം നടക്കവേ അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്ന് കമ്പനി വ്യാഴാഴ്‌ച പറഞ്ഞു. ഒപ്പം ഗാസയിൽ ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നവരെ കണ്ടെത്താനും രക്ഷിച്ചുകൊണ്ടുവരാനുമുള്ള സാങ്കേതികസഹായം ലഭ്യമാക്കിയെന്നും വ്യക്തമാക്കി.
എന്നാൽ, തങ്ങളുടെ അസൂർ പ്ലാറ്റ്ഫോമോ എഐ സങ്കേതങ്ങളോ ഗാസയിലെ ജനങ്ങളെ ദ്രോഹിക്കാൻ ഇസ്രയേൽ ഉപയോഗിച്ചെന്നതിന് ഒരു തെളിവുമില്ലെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. വ്യാഴാഴ്‌ച കമ്പനിയുടെ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് ഇക്കാര്യം പറയുന്നത്.

യുദ്ധത്തിൽ മൈക്രോസോഫ്റ്റ് ഇസ്രയേലിനെ സഹായിച്ചെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് അതിന് സ്ഥിരീകരണമുണ്ടാകുന്നത് ആദ്യമാണ്. ഇസ്രയേൽ പ്രതിരോധവകുപ്പും മൈക്രോസോഫ്റ്റും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് മൂന്നുമാസംമുൻപ് വാർത്താ ഏജൻസിയായ എപി അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം നിരീക്ഷണം, സൈനികനടപടി, മറ്റുപ്രതിരോധ ആവശ്യങ്ങൾ എന്നിവയ്ക്കായി മൈക്രോസോഫ്റ്റിൻ്റെ എഐ സങ്കേതങ്ങൾ ഇസ്രയേൽ സൈന്യം 200-ലേറെത്തവണ ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തൽ. സംഭാഷണങ്ങൾ ലിഖിതരൂപത്തിലാക്കാനും തർജമചെയ്യാനും രഹസ്യാന്വേഷണത്തിനും അസൂർ പ്ലാറ്റ്ഫോം ഉപയോഗിച്ചെന്ന് എപി റിപ്പോർട്ട് ചെയ്‌തിരുന്നു.
എഐ സങ്കേതങ്ങൾക്ക് തെറ്റുപറ്റാമെന്നിരിക്കേ, യുദ്ധത്തിൽ ആരെ, എവിടെയൊക്കെ ലക്ഷ്യമിടണമെന്നതു സംബന്ധിച്ച സൈനികകാര്യങ്ങൾക്ക് അവ ഉപയോഗിക്കുന്നത് നിരപരാധികളുടെ ജീവനെടുക്കുന്നതിനുകാരണമാകുമെന്ന് മനുഷ്യാവകാശസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഗാസയിൽ വംശഹത്യനടത്താൻ ഇസ്രയേൽസൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്നാരോപിച്ച് മൈക്രോസോഫ്റ്റിലെ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യക്കാരി വനിയ അഗർവാൾ ഉൾപ്പെടെ മൈക്രോസോഫ്റ്റിൽനിന്ന് രാജിവെച്ചിരുന്നു.