അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ദേശീയ താൽപര്യമുള്ള വിഷയമായതിനാലും തൻ്റെ സേവനം ആവശ്യമുള്ള സന്ദർഭമായതിനാലും ക്ഷണം താൻ ആഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂർ പ്രതികരിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിൻ്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സർവ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ക്ഷണത്തിൽ ഞാൻ അഭിമാനിക്കുന്നു. ദേശീയതാൽപ്പര്യം ഉയർന്നുവരികയും എൻ്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോൾ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്”, ഇത്തരത്തിലാണ് തരൂരിന്റെ പോസ്റ്റ്.

അതേസമയം, പാർട്ടി നിർദ്ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാൻ നിയോഗിച്ചതിൽ കോൺഗ്രസിന് അതൃപ്‌തിയുണ്ട്. പ്രതിനിധി സംഘത്തിലേക്ക് ആളുകളെ നിർദ്ദേശിക്കണമെന്ന് കേന്ദ്രസർക്കാർ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. നാലുപേരടങ്ങുന്ന പട്ടികയാണ് കോൺഗ്രസ് കൈമാറിയത്. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, മുൻ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരെയാണ് കോൺഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിർദ്ദേശിച്ചത്.
വെള്ളിയാഴ്‌ചയാണ് പ്രതിനിധികളെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് നാലുപേരെ നിർദേശിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ എക്‌സ് പോസ്റ്റിൽ പറയുന്നു. കോൺഗ്രസ് നിർദ്ദേശിച്ച ലിസ്റ്റിൽ ശശി തരൂരിൻ്റെ പേരുണ്ടായിരുന്നില്ല. കോൺഗ്രസ് നിർദ്ദേശമില്ലാതെ തന്നെ തരൂരിനെ പ്രതിനിധി സംഘത്തിൻ്റെ നേതാവാക്കി വിദേശത്തേക്ക് അയയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.