ആൻഡ്രോയിഡ് ഫോണുകളിൽ വരുന്ന നോട്ടിഫിക്കേഷനിലെ വിവരങ്ങൾ ആപ്പുകൾ തുറക്കാതെ തന്നെ അറിയാനും നോട്ടിഫിക്കേഷന്റെ തരം അനുസരിച്ച് വിവിധ കാര്യങ്ങൾ ചെയ്യാനുമുള്ള സൗകര്യം നിലവിലുണ്ട്. ഉദാഹരണത്തിന് ഒരു പുതിയ മെസേജ് വന്നതിൻ്റെ നോട്ടിഫിക്കേഷനാണെങ്കിൽ ആപ്പ് തുറക്കാതെ തന്നെ അതിലെ വിവരങ്ങൾ അറിയാനും മറുപടി നൽകാനും സാധിക്കും. ആരെങ്കിലും നിങ്ങൾക്ക് ലൊക്കേഷൻ അയച്ചതാണെങ്കിൽ അത് തിരിച്ചറിഞ്ഞ് ഫോണിലെ നാവിഗേഷൻ ആപ്പ് തുറക്കുന്നതിനുള്ള ബട്ടൻ താഴെ കാണിക്കും. ആൻഡ്രോയിഡ് 9, ആൻഡ്രോയിഡ് 10 വേർഷനുകളിൽ സ്‌മാർട് റിപ്ലൈ, സ്മാർട് ആക്ഷൻ ഫീച്ചറുകളാണ് ഇതിന് സഹായിക്കുന്നത്.
ഇപ്പോഴിതാ ഈ സംവിധാനം ആൻഡ്രോയിഡ് 16 ൽ ജെമിനൈ എഐയുടെ പിൻബലത്തിൽ പരിഷ്‌കരിക്കപ്പെടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ‘മാജിക് ആക്ഷൻസ്’ എന്ന പേരിൽ ജെമിനൈ പിന്തുണയുള്ള പുതിയ ഫീച്ചർ ആപ്പിൾ നിർമിക്കുന്നുണ്ടെന്ന് ആൻഡ്രോയിഡ് അതോറിറ്റി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്താണ് ഈ ഫീച്ചർ എന്ന് കൃത്യമായി റിപ്പോർട്ടിൽ വിശദമാക്കുന്നില്ല. എന്നാൽ സ്‌മാർട് ആക്ഷൻ, സ്‌മാർട് റിപ്ലൈ ഫീച്ചറുകൾക്ക് പകരമായാണ് മാജിക് ആക്ഷൻ എത്തുന്നത് എന്നാണ് കരുതുന്നത്.

നോട്ടിഫിക്കേഷനുകൾ വിശകലനം ചെയ്യാനും ആക്ഷനുകൾ തീരുമാനിക്കുന്നതിനും ജെമിനൈ എഐ ഉപയോഗിക്കാനാണ് സാധ്യത. ആൻഡ്രോയിഡ് ഇൻ്റലിജൻസ് ആപ്പിൻ്റെ ഭാഗമായ നോട്ടിഫിക്കേഷൻ അസിസ്റ്റന്റ് സർവീസ് ആണ് ഇതിനായി ഉപയോഗപ്പെടുത്തുക.
ഉദാഹരണത്തിന്, നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുമെന്നോ കാൻസൽ ചെയ്തുവെന്നോ ഉള്ള സന്ദേശം ഫോണിൽ വന്നാൽ ആ സന്ദേശം തിരിച്ചറിഞ്ഞ എഐ, ഉടനടി ബന്ധപ്പെട്ട എയർലൈൻ കസ്റ്റമർകെയർ സേവനത്തിലേക്ക് വിളിക്കാനുള്ള എളുപ്പവഴി നിർദേശിക്കും. ഫോണിൽ വന്ന സന്ദേശത്തിൽ എയർലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെങ്കിൽ പോലും ജെമിനൈ എഐ കാര്യഗൗരവം മനസിലാക്കി സ്വമേധയാ ആക്ഷനുകൾ നിർദേശിക്കും.
എന്തായാലും ഈ ഫീച്ചറുമായി ബന്ധപ്പെട്ട് ഗൂഗിൾ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എഐ അധിഷ്‌ഠിതമായ ഒട്ടേറെ ഫീച്ചറുകൾ പുതിയ ഒഎസിൽ ഉണ്ടാവുമെന്നാണ് വിവരം, എഐ അധിഷ്ഠിത നോട്ടിഫിക്കേഷൻ സമ്മറി ഫീച്ചറും ഗൂഗിൾ പരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും വൈകാതെ തന്നെ ഇക്കാര്യങ്ങൾ പുറത്തുവരും.