സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനത്തിൽ(88.39) നേരിയ വർധനവുണ്ട്. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.
ഏകദേശം 44 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 24.12 ലക്ഷം വിദ്യാർഥികൾ പത്താം ക്ലാസിലും 17.88 ലക്ഷം പേർ പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതി. 2025 ഫെബ്രുവരി 15-നും ഏപ്രിൽ നാലിനും ഇടയിലായിരുന്നു പരീക്ഷകൾ. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4-നും സമാപിച്ചു.
2024-ൽ പത്താം ക്ലാസിലെ വിജയശതമാനം 93.60% ആയിരുന്നു. അന്ന് ആകെ 22,38,827 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പപ്പോൾ അതിൽ 20,95,467 പേർ വിജയിച്ചു. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം 87.98% ഉം ആയിരുന്നു. ഇതിൽ, 16,21,224 വിദ്യാർഥികൾ പരീക്ഷയെഴുതുകയും 14,26,420 പേർ വിജയിക്കുകയും ചെയ്തു. 2023-ലെ ഫലങ്ങളെ അപേക്ഷിച്ച് നേരിയ വർധനവ് 2024-ലുണ്ടായിരുന്നു.