രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്‌ച തന്നെ കേരളത്തിൽ എത്തും. ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതിഭവൻ ഇന്ന് സംസ്ഥാന സർക്കാരിനു കൈമാറും.
കുമരകത്താവും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ സന്ദർശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ നിർത്തിവച്ചു. തുടർന്ന് ഇപ്പോൾ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ റോഡുകളുടെ നവീകരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്. സുരക്ഷ അതീവകർശനമാക്കിയതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു നടുവിലാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.