നിയന്ത്രണ രേഖയിൽ പാകിസ്‌ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 നാട്ടുകാർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്‌മീരിലെയും ജെയ്ഷെ മുഹമ്മദിന്റെയും ലഷ്കർ-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് മണിക്കുറുകൾക്ക് ശേഷമാണ് വെടിവയ്പ്‌പ് ഉണ്ടായത്. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർക്കു പരുക്കേറ്റതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ച്‌ചയായി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്‌ഥാൻ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതിനിടെയാണ് പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്‌മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വച്ചത്. 1971ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാകിസ്‌ഥാനെതിരെ ഇന്ത്യൻ കര – നാവിക – വ്യോമസേന സംയുക്‌ത ആക്രമണം നടത്തിയിരിക്കുന്നത്.
മുസാഫറാബാദിലെ രണ്ട് ഇടങ്ങൾ, കോട്ലി, ഗുൽപുർ, ഭിംദേർ, സിയാൽകോട്ട്, ചക്രമു, മുരിദ്‌കെ, ഭവൽപുർ എന്നിവടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന ലക്ഷ്യമിട്ടതെന്നാണ് സൂചന. മുംബൈ ഭീകരാക്രമണത്തിൽ ഭീകരവാദികളെ പരിശീലിപ്പിച്ച ലഷ്കർ താവളമായിരുന്നു മുരിദ്‌കെ. 2023 നും 2024 നും ഇടയിൽ ജമ്മു കശ്മീരിലെ രജൗരിയിലും പുഞ്ചിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഗുൽപുർ ഭീകരക്യാംപുകളായിരുന്നു. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയ്ക്കെതിരായ ഒന്നിലധികം ആക്രമണങ്ങളുമായി ബന്ധമുള്ള ലഷ്‌കർ ക്യാംപായിരുന്നു കോട്ലി. ഈ ഭീകരക്യാംപുകളാണ് ഇന്ത്യൻ സംയുക്‌ത സൈന്യം ഓപ്പറേഷൻ സിന്ദുറിന്റെ ഭാഗമായി അർധരാത്രി ലക്ഷ്യം വച്ചിരിക്കുന്നത്.