ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങൾ കീഴടക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സ്പേസ് എക്‌സ്പ്ലൊറേഷൻ കോൺഫറൻസിനെ അഭിമുഖീകരിച്ച് തത്സമയ സ്ട്രീമിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ ഒരോന്നും എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം കുറിച്ചു. ചന്ദ്രയാൻ 1 ചന്ദ്രനിൽ ജലം കണ്ടെത്തുന്നതിന് സഹായിച്ചു. ചന്ദ്രയാൻ 2 ചന്ദ്രന്റെ ഉയർന്ന റസല്യൂഷനിലുള്ള ചിത്രങ്ങൾ നൽകി. ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ച് കൂടുതൽ അറിവ് നൽകി. റെക്കോർഡ് വേഗത്തിൽ നമ്മൾ ക്രയോജനിക് എഞ്ചിനുകൾ നിർമിച്ചു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്ക് വേണ്ടി 400 ഉപഗ്രഹങ്ങൾ നമ്മൾ വിക്ഷേപിച്ചു. ഈ വർഷം രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്‌തു. ‘ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ല. ഒന്നിച്ച് ഉയരങ്ങളിലെത്തുന്നതിന് വേണ്ടിയുള്ളതാണ്. മനുഷ്യവംശത്തിൻ്റെ നന്മയ്ക്കായി ബഹിരാകാശ പര്യവേക്ഷണങ്ങളിൽ നമ്മൾ ഒരേ ലക്ഷ്യം പങ്കിടുന്നു.’
ശാസ്ത്രീയ പര്യവേഷണത്തിൻ്റെ അതിരുകൾ മറികടന്ന് ഞങ്ങൾ നവോന്മേഷത്തോടെ മുന്നോട്ട് നീങ്ങുകയാണ്. മനുഷ്യരെ വഹിച്ചുള്ള നമ്മുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ, നമ്മുടെ പ്രതീക്ഷകൾ ഉയർത്തിപ്പിടിക്കുന്നതാണ്. ആഴ്‌ചകൾക്കുള്ളിൽ ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഐഎസ്ആർഒ-നാസ ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശനിലയത്തിലേക്ക് യാത്ര ചെയ്യും. 2035- ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ഗവേഷണ രംഗത്തും അന്തർദേശീയ സഹകരണത്തിലും പുതിയ അതിരുകൾ നിശ്ചയിക്കും. 2040-ഓടെ ഇന്ത്യൻ കാൽപ്പാടുകൾ ചന്ദ്രനിലുണ്ടാവും. ചൊവ്വയും വ്യാഴവും നമ്മുടെ റഡാറിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശം പര്യവേക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ളതാണ്. ഇത് ഭരണപ്രക്രിയയെ ശാക്തീകരിക്കുന്നു, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. തലമുറകൾക്ക് പ്രചോദനമാവുന്നു. നമ്മുടെ ഉപഗ്രഹങ്ങൾ ജനക്ഷേമത്തിനായി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെയ് 7 മുതൽ 9 വരെ ന്യൂഡൽഹിയിലാണ് ഗ്ലോബൽ സ്പേസ് എക്സ‌്പ്ലൊറേഷൻ കോൺഫറൻസ് നടക്കുന്നത്. എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, സംരംഭകർ, വിവിധ ഏജൻസികളുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും.