Friday, May 9, 2025

ഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച രാജ്യം: പിറവികൊണ്ട നാൾ മുതൽ നുണ പറയാനാരംഭിച്ച പാകിസ്താൻ – വിക്രം മിസ്രി

TOP NEWSINDIAഒസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച രാജ്യം: പിറവികൊണ്ട നാൾ മുതൽ നുണ പറയാനാരംഭിച്ച പാകിസ്താൻ - വിക്രം മിസ്രി

പാകിസ്‌താനെതിരേയും പാകിസ്‌താന്റെ അവകാശവാദങ്ങൾക്കെതിരേയും ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാൾ മുതൽ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്താനെന്നും അതിനാൽത്തന്നെ പാക് നുണകളിൽ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത് ശീലമായിക്കഴിഞ്ഞിരിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ ജെറ്റ് വിമാനങ്ങളെ വീഴ്ത്തിയെന്ന പാക് അവകാശവാദത്തെ കുറിച്ച് വ്യാഴാഴ്‌ച നടന്ന വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മിസ്രി. വ്യാഴാഴ്‌ച രാത്രി ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് നടത്താനിരുന്ന പാക് ആക്രമണപദ്ധതി ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

നീലം-ഝലം അണക്കെട്ട് തകർക്കാൻ ഇന്ത്യ ലക്ഷ്യമിട്ടതായുള്ള പാക് ആരോപണത്തേയും മിസ്രി തള്ളി. കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആരോപണമാണ് പാകിസ്‌താൻ നടത്തിയിരിക്കുന്നതെന്ന് മിസ്രി പറഞ്ഞു. ഭീകരരുടെ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് പാകിസ്‌താന് തന്നെ പ്രതികൂലമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കെതിരെ ഇനിയൊരു പ്രകോപനത്തിനു മുതിരുന്നപക്ഷം കനത്ത തിരിച്ചടിയുണ്ടാകുമെന്നും മിസ്രി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് തുടക്കമിട്ടത് പാകിസ്‌താനാണെന്നും പ്രത്യാക്രമണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മിസ്രി പറഞ്ഞു. ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ബന്ധപ്പെട്ടതായുള്ള പാക് വാദവും മിസ്രി നിരസിച്ചു.

ഇന്ത്യൻ മിസൈലാക്രണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം പാക് ദേശീയപതാക പുതപ്പിച്ചതിൽനിന്ന് പാകിസ്‌താൻ ഭീകരവാദികൾക്ക് നൽകുന്ന പ്രോത്സാഹനവും പിന്തുണയും വ്യക്തമാക്കുന്നതാണെന്നും മിസ്രി പറഞ്ഞു. ജമ്മു കശ്മീരിലെ സിഖ് മതസ്ഥരേയും പൂഞ്ചിലെ ഗുരുദ്വാരയേയും ക്ഷ്യമാക്കി പാക് ആക്രമണം നടത്തിയതായും മിസ്രി കൂട്ടിച്ചേർത്തു. പാക് ആക്രമണത്തിൽ 16 ഇന്ത്യക്കാർക്ക് ജീവൻ നഷ്‌ടമായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.

ആഗോള ഭീകരവാദത്തിൻ്റെ പ്രഭവകേന്ദ്രമാണ് പാകിസ്‌താൻ എന്ന വസ്തുത ആവർത്തിച്ചുറപ്പിക്കുന്ന നടപടികളാണ് ആ രാജ്യത്തിൻ്റെ ഭാഗത്തുനിന്ന് എല്ലായ്പോഴും ഉണ്ടാകുന്നതെന്നും മിസ്രി പറഞ്ഞു. ഒസാമ ബിൻ ലാദനെ സംരക്ഷിച്ചതാരാണെന്നും ലാദനെ എവിടെയാണ് ഒടുവിൽ കണ്ടെത്തിയതെന്നുമുള്ള കാര്യങ്ങൾ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച രാജ്യമാണ് പാകിസ്‌താനെന്നും മിസ്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയും മറ്റു രാഷ്ട്രങ്ങളും ഭീകരെന്ന് മുദ്രകുത്തിയവർക്ക് എല്ലാ വിധ സഹായവും പിന്തുണയും നൽകുന്നത് പാകിസ്‌താനാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles