സ്വന്തം രാജ്യത്തെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്‌താൻ മതപണ്ഡിതൻ. ഇന്ത്യയുമായുള്ള ഏത് യുദ്ധവും ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്ന് ഇസ്ലാമാബാദ് ലാൽ മസ്‌ജിദിലെ മതപണ്ഡിതൻ അബ്ദുൾ അസീസ് ഘാസി പറഞ്ഞു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“പാകിസ്താനിലെ ഇന്നത്തെ വ്യവസ്ഥിതി അവിശ്വാസത്തിന്റേതാണ്, ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥിതി. അത് ഇന്ത്യയുടേതിനേക്കാൾ മോശമാണ്. പാകിസ്താനിലുള്ളത്ര അടിച്ചമർത്തൽ ഇന്ത്യയിലില്ല,” അദ്ദേഹം പറഞ്ഞു. “ലാൽ മസ്‌ജിദ് ദുരന്തം ഇന്ത്യയിലാണോ സംഭവിച്ചത്? ഇന്ത്യ സ്വന്തം പൗരന്മാർക്ക് നേരെ ബോംബിടാറുണ്ടോ? പാകിസ്‌താനിലേതുപോലെ ആളുകളെ ഇന്ത്യയിൽ കാണാതാവുന്നുണ്ടോ?” 2007-ലെ ലാൽ മസ്‌ജിദിൽ നടന്ന സൈനിക നടപടി പരാമർശിച്ചുക്കൊണ്ട് അബ്‌ദുൾ അസീസ് ഘാസി ചോദിച്ചു.
“വസീറിസ്താനിലും ഖൈബർ പഖ്‌തൂൻഖ്വയിലും സംഭവിച്ചത് ക്രൂരതകളാണ്… രാഷ്ട്രം സ്വന്തം പൗരന്മാർക്ക് നേരെ ബോംബിട്ടു. ഇത്തരം ക്രൂരതകൾ ഇന്ത്യയിൽ നടന്നിട്ടുണ്ടോ? നമ്മുടെ യുദ്ധവിമാനങ്ങൾ സ്വന്തം ജനങ്ങൾക്കുനേരെ ബോംബിട്ടതുപോലെ അവരുടെ യുദ്ധവിമാനങ്ങൾ ചെയ്തിട്ടുണ്ടോ? ഇന്ത്യയിൽ ഇത്രയധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ഇവിടെ, പ്രിയപ്പെട്ടവരെ കണ്ടെത്താനായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ആളുകൾ തളർന്നിരിക്കുന്നു. ഇവിടെ പുരോഹിതരെ കാണാനില്ല, പത്രപ്രവർത്തകരെ കാണാനില്ല, തെഹ്രീക്-ഇ-ഇൻസാഫ് അംഗങ്ങളെ കാണാനില്ല.” അദ്ദേഹം കൂട്ടിചേർത്തു.