ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ ഇന്ത്യയ്ക്കോ പാകിസ്താനോ എതിരേ പ്രമേയം പാസാക്കില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗൺസിൽ യോഗത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു യുഎന്നിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ തരൂർ.
സുരക്ഷാ കൗൺസിലിലെ അംഗരാജ്യങ്ങൾ മാത്രം പങ്കെടുത്ത യോഗമായിരുന്നിനാൽ എന്തൊക്കെ കാര്യങ്ങളാണ് ചർച്ചചെയ്‌തതെന്ന് ഔദ്യോഗികമായി പുറത്തെത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് യുഎന്നിലെ തന്റെ പ്രവർത്തനപരിചയം മുൻനിർത്തിയുള്ള തരൂരിന്റെ പ്രതികരണം.
സുരക്ഷാ കൗൺസിൽ പാകിസ്‌താനെ വിമർശിച്ചുകൊണ്ട് പ്രമേയം പാസാക്കില്ലെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്. കാരണം, ചൈന ആ പ്രമേയത്തെ വീറ്റോ ചെയ്യും. മാത്രമല്ല, സുരക്ഷാ കൗൺസിൽ നമ്മളെ വിമർശിച്ചും പ്രമേയം പാസാക്കില്ല. കാരണം, മറ്റു പല രാജ്യങ്ങളും എതിർക്കാനും വീറ്റോ ചെയ്യാനും സാധ്യതയുണ്ട്. ഇരുരാജ്യങ്ങളിലൊന്നിനെ നേരിട്ട് ബാധിക്കുന്ന വിധത്തിലുള്ള തീരുമാനം സുരക്ഷാ കൗൺസിലിൻ്റെ ഔദ്യോഗികമോ അല്ലാത്തതോ ആയ യോഗത്തിൽനിന്നുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും തരൂർ പറഞ്ഞു. ഇത്തരം സംഗതികൾ പ്രവർത്തിക്കുന്നതിലെ ദുഃഖകരമായ യാഥാർഥ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ തയ്യാറായില്ലെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. തിങ്കളാഴ്‌ചയായിരുന്നു യോഗം. പാകിസ്‌താനുമായി ഗാഢബന്ധമുള്ള ഭീകരസംഘടനയായ ലഷ്കറെ തോയ്ബയ്ക്ക് പഹൽഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്നും യോഗത്തിൽ ചോദ്യമുയർന്നിരുന്നു. സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റാനുള്ള പാകിസ്‌താൻ നീക്കത്തിനും യോഗത്തിൽ തിരിച്ചടി നേരിട്ടു. ഇന്ത്യയുമായുള്ള ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു ഇസ്ലാമാബാദിനോട് മറ്റ് അംഗരാജ്യങ്ങൾ നിർദേശിച്ചതെന്നാണ് പുറത്തെത്തിയ വിവരം.