ചിരവൈരികളായ പാകിസ്‌താനെതിരേ ഒട്ടേറെ തവണ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുള്ള താരമാണ് വിരാട് കോലി. ലോകകപ്പിലും ചാമ്പ്യൻസ്ട്രോഫിയിലുമെല്ലാം അത് പലവട്ടം കണ്ടിട്ടുമുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലടക്കം അപരാജിത സെഞ്ചുറിയുമായി കോലി കളംനിറഞ്ഞു. ഇന്ത്യ-പാക് പോരാട്ടം വരുമ്പോഴൊക്കെ ലോകം കോലിയെ ഉറ്റുനോക്കാറുമുണ്ട്. എന്നാൽ പാകിസ്താനെതിരേയുള്ള കോലിയുടെ ആദ്യ മത്സരം താരത്തെ സംബന്ധിച്ച് അത്ര മികച്ച ഒന്നായിരുന്നില്ല. വെറും 16 റൺസ് മാത്രമാണ് കോലി നേടിയത്. മത്സരം ഇന്ത്യ തോൽക്കുകയും ചെയ്‌തു. ഇപ്പോഴിതാ അന്നത്തെ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് കോലി.
‘ഞാനെന്റെ ആദ്യ പരമ്പര കളിച്ചത് ശ്രീലങ്കയിൽ വെച്ചായിരുന്നു. സച്ചിന് ചെറിയ പരിക്കുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് പകരക്കാരനായാണ് ഞാൻ ടീമിലെത്തിയത്. പിന്നീട് അദ്ദേഹം തിരിച്ചെത്തിയപ്പോൾ, എനിക്ക് ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. വീണ്ടും അവസരത്തിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നീട് ദക്ഷിണാഫ്രിക്കയിൽ 2009-ലെ ചാമ്പ്യൻസ് ട്രോഫി വന്നു. യുവ്‌രാജിന് വിരലിന് പരിക്കേറ്റതിനാൽ ടീമിലേക്ക് എന്നെ വിളിച്ചു. സ്യൂട്ട്കേസും വസ്ത്രങ്ങളും പാസ്പോർട്ട് കരുതാൻ എന്നോട് പറഞ്ഞു. ഞാൻ എപ്പോഴും ഒരു സ്റ്റാൻഡ്ബൈ താരമായിരുന്നു.’
‘ഞാൻ ബെംഗളൂരുവിലായിരുന്നു. അവർ എന്നോട് ഉടൻ തന്നെ വിമാനത്തിൽ വരാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ അവിടെ എത്തി. അടുത്ത കളി പാകിസ്‌താനെതിരെയായിരുന്നു. അതായിരുന്നു എൻ്റെ ആദ്യത്തെ ഇന്ത്യ-പാകിസ്‌താൻ മത്സരം. ഞാനന്ന് ഏകദേശം 16 റൺസോ മറ്റോ എടുത്തെന്നാണ് ഓർമ്മ. സെഞ്ചൂറിയനിൽ വെച്ച് ഷാഹിദ് അഫ്രീദിയുടെ പന്തിൽ സിക്സറടിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. ആ കളി ഞങ്ങൾ തോറ്റു. കളിയിലെ ഒരു നിർണായക നിമിഷമായിരുന്നു അത്.’- കോലി ആർസിബി പോഡ്കാസ്റ്റിൽ പറഞ്ഞു.
‘അവിടെ സംഭവിച്ചതൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതൊരു വലിയ തോൽവിയായിരുന്നതിനാൽ ഞാനത് ഇന്നും ഓർക്കുന്നു. എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പുലർച്ചെ അഞ്ച് മണി വരെ ഞാൻ സീലിംഗിലേക്ക് നോക്കി ഉണർന്നിരുന്നു. ഇതോടെ എല്ലാം തീർന്നെന്ന് കരുതി. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് എന്നെ വിളിച്ചത്. ഇത് എങ്ങനെയായിത്തീരുമെന്ന് എനിക്കറിയില്ലായിരുന്നു. സ്വയം സംശയിച്ച ഒരുപാട് നിമിഷങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. പതിയെ തിരിച്ചുവരവിനൊരു വഴി കണ്ടെത്താൻ ശ്രമിച്ചു’- കോലി കൂട്ടിച്ചേർത്തു.
പാകിസ്‌താനെതിരേ 17 ഏകദിന ഇന്നിങ്സുകളിൽ നിന്നായി 778 റൺസാണ് കോലിയുടെ സമ്പാദ്യം. നാല് സെഞ്ചുറിയും നേടിയിട്ടുണ്ട്. 11 ടി20 മത്സരങ്ങളിൽ നിന്ന് 492 റൺസും നേടി.