പാകിസ്‌താനിലെ ബലൂചിസ്‌താനിൽ സ്ഫോടനത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്‌താൻ ലിബറേഷൻ ആർമി (ബിഎൽഎ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികൾ സ്ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം.
വാഹനത്തിൽ നാൽപതോളം തടവുകാർ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവർക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികൾ ബന്ദികളാക്കി. അതിനുശേഷമാണ് ഇവർ സൈനികവാഹനം ബോംബുവെച്ച് തകർത്തത്. ഈ സ്ഫോടനത്തിലാണ് ഏഴുപട്ടാളക്കാർക്ക് ജീവൻ നഷ്ടമായത് എന്നും പാകിസ്‌താൻ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പാക് പട്ടാളക്കാർക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎൽഎ ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രിൽ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎൽഎ നടത്തിയ ബോംബാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിൻവരെ ഹൈജാക്ക് ചെയ്‌ത സംഭവവും വളരെ മുമ്പല്ലാതെ ഉണ്ടായിട്ടുണ്ട്. പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബിഎൽഎ.