ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കർമാർ നടത്തിയ സൈബർ ആക്രമണം പരാജയപ്പെടുത്തി. സൈബർ ആക്രമണം തിരിച്ചറിഞ്ഞ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനമാണ് ശ്രമം പരാജയപ്പെടുത്തിയത്. പാക്ക് പിന്തുണയുള്ള ‘സൈബർ ഗ്രൂപ്പ് HOAX1337’, നാഷനൽ സൈബർ ക്രു എന്ന പേരുകളിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നഗോട്ടയിലെയും സുഞ്ജുവാനിലേയും സൈനിക സ്‌കൂളുകളുടെ വെബ്സൈറ്റുകളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്‌ച സൈബർ ആക്രമണം നടന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് അപകീർത്തീകരമായ സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യാനാണ് ഹാക്കർമാർ ശ്രമിച്ചത്. വിമുക്‌ത ഭടന്മാർക്ക് ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്ന വെബ്സൈറ്റിനു നേരെയും സൈബർ ആക്രമണം ഉണ്ടായി, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക്ക് ഹാക്കർമാരിൽ നിന്നുള്ള സൈബർ ആക്രമണത്തിലൂടെയുള്ള പ്രകോപനം.
മുൻപ് ശ്രീനഗറിലെ ആർമി പബ്ലിക് സ്‌കൂൾ (എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്റ്റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവയ്ക്കു നേരെയും സൈബർ ആക്രമണം നടന്നിരുന്നു.