പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടർച്ചയായാണിത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയിൽ നിരോധിച്ചത്.
ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിർദേശം പാലിച്ചതിനാൽ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ലെന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുറക്കുമ്പോൾ കാണിക്കുന്നത്. കഴിഞ്ഞദിവസം ഒളിമ്പിക് സ്വർണമെഡൽ ജേതാവും പാകിസ്താന്റെ ജാവലിൻ താരവുമായ അർഷദ് നദീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചിരുന്നു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനെത്തുടർന്ന് നേരത്തേ, മുൻതാരങ്ങളായ ഷുഐബ് അക്തർ, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യുട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
പ്രകോപനപരവും വർഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താൻ യുട്യൂബ് ചാനലുകളും ഇന്ത്യയിൽ നിരോധിച്ചു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് നടപടി.ആക് രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു.