വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ ഉദ്ഘാടനത്തിനിടെ ഇന്ത്യ മുന്നണിയേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ഇന്ത്യ മുന്നണിക്കെതിരേ മോശമായി സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതിനെതിരേ കെ.സി. വേണുഗോപാൽ എം.പി രംഗത്തെത്തി. ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ് മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ആ നെടുംതൂൺ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലല്ലോ എന്ന് വേണുഗോപാൽ പരിഹസിച്ചു.
ഏറ്റവും പ്രധാനപ്പെട്ടൊരു വികസനവേദിയിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറയുമ്പോൾ അവിടെവെച്ചുതന്നെ ചുട്ടമറുപടി കൊടുക്കേണ്ടതല്ലേയെന്നും വേണുഗോപാൽ ചോദിച്ചു. മുഖ്യമന്ത്രിയല്ലേ. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും മൈക്ക് എടുക്കാമല്ലോ. അങ്ങേയറ്റം ആദരവോടു കൂടിത്തന്നെ പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിക്കാമല്ലോ. ഈ വേദി ഇതിന് ഉപയോഗിക്കാൻ പാടില്ലായിരുന്നെന്ന് പറയാമായിരുന്നല്ലോ, അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷകനെ നിശ്ചയിച്ചത് കേരള സർക്കാരാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് പ്രോട്ടോക്കോളുണ്ട്. വേദിയിൽ ആര് ഇരിക്കണം ആര് ഇരിക്കരുത് തുടങ്ങിയ വിഷയത്തിലെ അവസാന തീരുമാനം പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) യുടേതാണ്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചിട്ടാണ് അവർ അത് ചെയ്യുക. അപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗ പരിഭാഷകന്റെ കാര്യം പിഎംഒ ക്ലിയർ ചെയ്തിരുന്നില്ലേ. പിഎംഒ ക്ലിയർ ചെയ്യാതെ ആർക്കും പരിഭാഷ നടത്താൻ പറ്റില്ല. ഇനി പിഎംഒയുടെ അനുമതി ഇല്ലാതെയാണ് ആ പരിഭാഷ നടന്നിട്ടുണ്ടെങ്കിൽ അത്, പിഎംഒയുടെ വലിയ വീഴ്‌ചയാണ്, വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് പരിപാടി ബഹിഷ്‌കരിച്ചിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ എംപിയും എംഎൽഎയും പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ പദവിയോടു കാണിച്ച അനാദരവിന് എതിരായിട്ടുള്ള, വി.ഡി. സതീശന്റെ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് സതീശൻ വിട്ടുനിന്നത്. പാർട്ടിയിൽ ആലോചിച്ചിട്ടുതന്നെയാണ് സതീശൻ അങ്ങനൊരു തീരുമാനം എടുത്തത്. ഇത് ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ്. അതേക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിന്നെ മിണ്ടില്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നിരുന്നാലും കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത് അത് ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതി എന്ന നിലയ്ക്കാണ്, വേണുഗോപാൽ കൂട്ടിച്ചേർത്തു.